ബൌളിംഗ് ആക്‍ഷന്‍: അജ്മല്‍ ഓസ്ട്രേലിയയിലേക്ക്

കറാച്ചി| WEBDUNIA|
പാകിസ്ഥാന്‍റെ ഓഫ് സ്പിന്നര്‍ സഹീദ് അജ്മലിനെ ബൌളിംഗ് ആക്‍ഷന്‍ പരിശോധനയ്ക്കായി ഓസ്ട്രേലിയയിലേക്ക് അയയ്ക്കും. കഴിഞ്ഞ ഏപ്രിലില്‍ ഓസ്ട്രേലിയക്കെതിരെ ദുബായിയില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് അജ്മലിന്‍റെ ബൌളിംഗ് ആക്‍ഷനില്‍ സംശയം സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നത്. ഓസ്ട്രേലിയയില്‍ ഡോ. ബ്രൂസ് എലിയട്ടിന്‍റെ നിരീക്ഷണത്തിലായിരിക്കും ബൌളിംഗ് ആക്‍ഷന്‍ പരിശോധന നടക്കുക.

ഇതിനു മുമ്പ് ഷുഹൈബ് അക്തര്‍, ശബീര്‍ അഹമ്മദ്, ഷുഹൈബ് മാലിക് എന്നിവരുടെ ബൌളിംഗ് ആക്‍ഷനുകള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതും എലിയട്ടിന്‍റെ നിരീക്ഷണത്തിലായിരുന്നു. അതേസമയം, അജ്മലിന്‍റെ ബൌളിംഗ് ആക്‍ഷന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തന്നെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിനുള്ള പാക് ടീമില്‍ സഹീദ് അജ്മലിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, വിദഗ്ധ സമിതിയുടെ പരിശോധന റിപ്പോര്‍ട്ട് വരുന്നത് വരെ അജ്മലിന് കളിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. അജ്മലിന്‍റെ ‘ദൂസ്‌ര’ ബൌളിംഗ് സംബന്ധിച്ചാണ് പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :