ബാംഗ്ലൂരിന് ആശ്വാസജയം, മുംബൈയ്ക്ക് തോല്‍‌വി

ഡര്‍ബന്‍| WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (10:41 IST)
ഐ പി എല്ലില്‍ ബൌളര്‍മാരുടെ ദിനമായിരുന്നു ബുധനാഴ്ച. ഇന്നലെ നടന്ന രണ്ട് മത്സരത്തിലും ബൌളര്‍മാരാണ് തിളങ്ങിയത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് അഞ്ചു വിക്കറ്റ് ജയം നേടിയപ്പോള്‍ രണ്ടാം കളിയില്‍ ഇഞ്ചോട് ഇഞ്ച് പോരാട്ടത്തിനൊടുവില്‍ പഞ്ചാബ് കിംഗ്സിനോട് മുംബൈ ഇന്ത്യന്‍സ് അടിയറവ് പറഞ്ഞു.

ആദ്യകളിയില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറില്‍ 139 റണ്‍സ്‌ നേടി. മക്കല്ലവും ഗാംഗുലിയും ഒരിക്കല്‍ കൂടി പരാജയപ്പെട്ട കളിയില്‍ ഗെയിലും മോര്‍നെ വാനും മാത്രമാണ് ബാറ്റിംഗിള്‍ തിളങ്ങിയത്. ആശ്വാസ ജയം തേടി മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 140 റണ്‍സ് എന്ന വിജയലക്‍ഷ്യം 19.5 ഓവറില്‍ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ മറി കടന്നു. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ അവസാന ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തിയാണ്‌ ചലഞ്ചേഴ്സ് ജയം നേടിയത്‌. ഗോസ്വാമിയും കാലിസും ബൗച്ചറുമാണ്‌ ചലഞ്ചേഴ്സ് നിരയില്‍ തിളങ്ങിയത്‌. ബൗച്ചറാണ്‌ കളിയിലെ കേമന്‍‌.

തോല്‍‌വിയില്‍ നിന്ന് കരകറുക എന്ന ഒറ്റ ലക്‍ഷ്യവുമായി കളിക്കാനിറങ്ങിയ പഞ്ചാബും മിന്നല്‍ വിജയം തുടരാനായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ആവേശം നിറഞ്ഞ പോരാട്ടമാണ് നടന്നത്. അവസാന ഓവറിന്‍റെ അവസാന പന്ത്‌ വരെയെത്തിയ മത്സരത്തില്‍ പഞ്ചാബ്‌ കിംഗ്സിന്‌ മൂന്ന്‌ റണ്‍സിന്‍റെ ഉജ്വല വിജയമാണ് നേടിയത്. പഞ്ചാബിന്‍റെ 120 എന്ന കുറഞ്ഞ സ്കോര്‍ പെട്ടെന്ന് മറിക്കടക്കാമെന്ന് കരുതി ബാറ്റിംഗിനിറങ്ങിയ മുംബൈ ബാറ്റിംഗില്‍ ഉടനീളം പരാജയപ്പെടുകയായിരുന്നു.

ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ സനത് ജയസൂര്യ മടങ്ങി, കൂടെ സച്ചിനും മടങ്ങിയതോടെ മുംബൈയുടെ തകര്‍ച്ച തുടങ്ങി. ഫോറും സിക്സറുകളും കണ്ടെത്താന്‍ വിഷമിച്ച മുംബൈയുടെ വിക്കറ്റുകള്‍ തുടരെ വീണുക്കൊണ്ടിരുന്നു. ഒറ്റയാള്‍ പോരാട്ടം നയിച്ച ജെ പി ഡൂമിനിക്ക് പോലും മുംബൈയെ രക്ഷിക്കാനായില്ല. പഞ്ചാബിന് വേണ്ടി ഇര്‍ഫാന്‍ പത്താനും യൂസഫ്‌ അബ്ദുള്ളയും രണ്‌ട്‌ വിക്കറ്റ്‌ വീഴ്ത്തി. 44 പന്തില്‍നിന്നും പുറത്താകാതെ 45 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയാണ്‌ പഞ്ചാബിന്‍റെ ടോപ്സ്കോറര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :