ഫ്ലിന്‍റോഫ് ഒരാഴ്ചയ്ക്കുള്ളില്‍ മടങ്ങിയെത്തും

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 26 ഏപ്രില്‍ 2009 (15:12 IST)
ഐപി‌എല്‍ മത്സരത്തിനിടെ പരുക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ആന്‍ഡ്രു ഫ്ലിന്‍റോഫ് ഒരാഴ്ചയ്ക്കകം മടങ്ങിയെത്തിയേക്കും. പരുക്ക് ഭേദമാക്കുന്നതിനായി ഫ്ലിന്‍റോഫ് തിങ്കളാഴ്ച താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയനാകും.

കാല്‍മുട്ടിന് പരുക്കേറ്റായിരുന്നു ഫ്ലിന്‍റോഫ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. പരുക്ക് ഭേദമാകാന്‍ അഞ്ചാഴ്ച എടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ നിന്നും ട്വന്‍റി-20 ലോകകപ്പിന്‍റെ തുടക്കത്തില്‍ നിന്നും ഫ്ലിന്‍റോഫിന് വിട്ടുനില്‍ക്കേണ്ടിവരുമെന്നായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍ ഫ്ലിന്‍റോഫിനെ വിശദമായി പരിശോധിച്ച ഡോക്ടര്‍മാര്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഒരു ദിനം മാത്രം ഫ്ലിന്‍റോഫിന് ആശുപത്രിയില്‍ കഴിഞ്ഞാല്‍ മതിയാകും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കളിക്കാര്‍ സ്ഥിരമായി ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയരാകാറുണ്ടെന്നും ഒരാഴ്ച മാത്രമാണ് ഇവര്‍ വിശ്രമത്തിനായി എടുക്കുന്നതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ കൂടിയായ ഫ്ലിന്‍റോഫിന്‍റെ കരിയറില്‍ ഭൂരിഭാഗവും പരുക്കിന്‍റെ പിടിയിലായിരുന്നു.

എന്നാല്‍ ഫ്ലിന്‍റോഫിനെ വീണ്ടും ഐപി‌എല്ലിലേക്ക് വിടുന്നതിനെതിരെ മുതിര്‍ന്ന ഇംഗ്ലണ്ട് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഐപി‌എല്ലിലെ ഏറ്റവും വില കൂടിയ താരങ്ങളില്‍ ഒരാളാണ് ഫ്ലിന്‍റോഫ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :