ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയ്ക്ക് മടങ്ങാം

ജോഹന്നാ‍സ്ബെര്‍ഗ്| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (21:34 IST)
ചാമ്പ്യന്‍സ് ട്രോഫി സെമിയിലെത്താനായി കണക്കിലെ കളികളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന ഇന്ത്യയ്ക്ക് ഇനി നിരാശയോടെ മടങ്ങാം. അവസാന പന്ത് വരെ ആകാം‌ക്ഷയും സമ്മര്‍ദ്ദവും ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷയും പകര്‍ന്ന മത്സരത്തില്‍ പാകിസ്ഥാനെ തോല്‍‌പിച്ച് സെമിയിലെത്തി.

അവസാന പന്തിലായിരുന്നു ആസ്ട്രേലിയയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍റെ സ്കോര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സിലൊതുങ്ങിയിരുന്നു. തുടക്കം മുതല്‍ പാകിസ്ഥാന്‍റെ സ്കോറിംഗ് മന്ദഗതിയിലായിരുന്നു. ഒരുപക്ഷെ പാകിസ്ഥാന്‍റെ ടോട്ടല്‍ 5 റണ്‍സ് കൂടി കടന്നെങ്കില്‍ ഇന്ത്യയ്ക്ക് ഫൈനലിലെത്താനാകുമായിരുന്നു.

ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ അവസാന പന്തിലാണ് ആസ്ട്രേലിയ വിജയ റണ്‍ താണ്ടിയത്.
ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും മൈക്ക് ഹസിയും ചേര്‍ന്ന് മുന്നാം വിക്കറ്റിലെടുത്ത 81 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഓസീ‍സിനെ സെമിയിലെത്തിച്ചത്. ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ ഷെയ്ന്‍ വാട്സണും പെയ്നിയും ചേര്‍ന്ന് 44 റണ്‍സ് എടുത്തിരുന്നു.

മൈക്ക് ഹസിയുടെ അര്‍ദ്ധസെഞ്ച്വറിയും (87 പന്തില്‍ നിന്ന് 64 റണ്‍സ്) റിക്കി പോണ്ടിംഗിന്‍റെ 32 റണ്‍സും ആസ്ട്രേലിയയ്ക്ക് നിര്‍ണ്ണായകമായി. നാല്‍‌പതാം ഓവറില്‍ ഹസിയും പുറത്തായിക്കഴിഞ്ഞ് ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍‌മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. അഞ്ച് വിക്കറ്റിന് 174 റണ്‍സ് എന്ന നിലയിലായിരുന്നു ആസ്ട്രേലിയ അപ്പോള്‍.

പിന്നെ തൊട്ടടുത്ത ഓവറില്‍ ഹോപ്സിന്‍റെയും കാമറൂണ്‍ വൈറ്റിന്‍റെയും വിക്കറ്റുകളും നഷ്ടപ്പെട്ടതോടെ ഓസീസ് സമ്മര്‍ദ്ദത്തിലായി. നാല്‍‌പത്തിയഞ്ചാം ഓവറില്‍ മിച്ചല്‍ ജോണ്‍സണെ അജ്മല്‍ ബൌള്‍ഡാക്കിയതോടെ ആസ്ട്രേലിയയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഒപ്പം ഇന്ത്യന്‍ ആരാധകരും ഏറെ നെഞ്ചിടിപ്പോടെ കാത്തിരുന്നു. 25 പന്തില്‍ നിന്ന് പത്തൊമ്പത് റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ഹൌറിറ്റ്സാണ് മിച്ചലിന് പകരമെത്തിയത്.ബ്രറ്റ് ലീയായിരുന്നു മറുസൈഡില്‍. നാല്‍‌പത്തിയേഴാം ഓവറിലെ ആദ്യ പന്ത് അതിര്‍ത്തികടത്തി ബ്രറ്റ് ലീ വിജയലക്‍ഷ്യത്തിലേക്കുള്ള ദൂരം കുറച്ചു. തൊട്ടടുത്ത ഓവറില്‍ പത്ത് ബോളില്‍ നിന്ന് പത്ത് റണ്‍സ് എന്ന നിലയില്‍ നില്‍ക്കവേ ഹൌറിറ്റ്സും നവേദിനെ ഒരു തവണ അതിര്‍ത്തി കടത്തിയതോടെ ആസ്ട്രേലിയ വിജയം ഏതാണ്ട് ഉറപ്പിച്ചു.

അവസാന ഓവറില്‍ ആറ് പന്തില്‍ നിന്ന് 4 റണ്‍സായിരുന്നു ആസ്ട്രേലിയയ്ക്ക് വേണ്ടിയിരുന്നത്. ഉമര്‍ ഗുല്ലിനെയാണ് യൂനിസ് ഖാന്‍ പന്തേല്‍‌പിച്ചത്. ലീ ആയിരുന്നു സ്ട്രൈക്ക്. ആദ്യ പന്തില്‍ റണ്‍സൊന്നുമെടുക്കാനായില്ല. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നം പന്തില്‍ ഹൌറിറ്റ്സിന് സ്ട്രൈക്ക്. റണ്‍സില്ല. നാലാം പന്തില്‍ വീണ്ടും ഒരു റണ്‍. ഇതോടെ വിജയല‌ക്‍ഷ്യം രണ്ട് പന്തില്‍ നിന്ന് 2 റണ്‍സ് എന്ന നിലയിലായി. അഞ്ചാം പന്തില്‍ ലീ സിംഗിള്‍ എടുത്ത് അവസാന സ്ട്രൈക്ക് ഹൌറിറ്റ്സിന് കൈമാറി. അവസാന പന്തില്‍ ബൈ റണ്ണിലൂടെ ഓസീസ് ലക്‍ഷ്യം കാണുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :