കീഴടങ്ങാതെ കംഗാരുക്കള്‍

ലണ്ടന്‍| WEBDUNIA|
ക്രിക്കറ്റ് ലോകത്തിന്‍റെ മെക്കയായ ലോര്‍ഡ്സിന്‍റെ മുറ്റത്ത് ചരിത്രം കുറിയ്ക്കാനിരിക്കുകയാണ് ഇംഗ്ലണ്ട്. രണ്ടാം ആഷസ് ടെസ്റ്റില്‍ നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ഓസ്ട്രേലിയയുടെ അഞ്ചു വിക്കറ്റുകള്‍ കൂടി പിഴുതെടുത്താല്‍ ഇംഗ്ലണ്ടിന് ലോര്‍ഡ്സില്‍ ചരിത്രം കുറിയ്ക്കാം.

ആറു വിക്കറ്റിന് 311 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 522 റണ്‍സ് വിജയലക്‍ഷ്യത്തിലെത്താന്‍ ഓസീസ് പൊരുതുകയാണ്. നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഓസീസ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചാം ദിവസം 209 റണ്‍സ് വിജയം കൈവരിക്കാന്‍ ഓസീസിന്‍റെ കൈവശം വാലറ്റക്കാരടക്കം അഞ്ചു വിക്കറ്റാണുള്ളത്.

എഴുപത്തിയഞ്ചു വര്‍ഷത്തെ ചരിത്രം ഒരു പക്ഷേ, ഇംഗ്ലണ്ട് ഇന്ന് തിരുത്തിയേക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത്രയും കാലത്തിനിടയില്‍ ലോര്‍ഡ്സില്‍ ഓസീസ് പരാജയമറിഞ്ഞിട്ടില്ല.

വെളിച്ചക്കുറവു മൂലം നാലാം ദിനം നേരത്തെ കളിനിര്‍ത്തുമ്പോള്‍ സെഞ്ച്വറി നേടിയ മൈക്കല്‍ ക്ലാര്‍ക്കും( 125) ഹാഡിനുമാണ്(80) ക്രീസില്‍. ഓപ്പണര്‍മാരായ ഫില്‍ ഹ്യൂസിനെയും(17) സൈമന്‍ കാറ്റിച്ചിനെയും(6) തുടക്കത്തില്‍ തന്നെ പവലിയനിലേക്ക് തിരിച്ചയച്ച ആന്‍ഡ്ര്യൂ ഫ്ലിന്‍റോഫ് ഓസീസിനെ ഞെട്ടിച്ചുകൊണ്ടാണ് തുടങ്ങിയത്.

പിന്നീടെത്തിയ നായകന്‍ റിക്കിപോണ്ടിംഗിനെ(38) ക്രീസില്‍ നിലയുറപ്പിക്കുന്നതിന് മുമ്പെ ബ്രോഡ് കുറ്റിത്തെറിപ്പിച്ചു. മൈക്കല്‍ ഹസി(27) മാര്‍ക്കസ് നോര്‍ത്ത് എന്നിവരുടെ വിക്കറ്റ് നേടി ഗ്രേം സ്വാന്‍ ഓസീസ് പതനത്തിന്‍റെ വേഗം കൂട്ടി. പിന്നീടാണ് ക്ലാര്‍ക്ക്-ഹാഡിന്‍ സഖ്യം ഓസീസ് പ്രതീക്ഷകള്‍ അഞ്ചാം ദിനത്തിലേക്ക് നീട്ടിയെടുത്ത ഇന്നിംഗ്സ് കെട്ടിപ്പടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :