കര്‍ഫ്യൂവില്‍ ഭാജിയും വലഞ്ഞു

ജലന്ധര്‍| WEBDUNIA| Last Modified ബുധന്‍, 27 മെയ് 2009 (13:08 IST)
പഞ്ചാബ് കലാപത്തെ തുടര്‍ന്ന് ജലന്ധറില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും വലഞ്ഞു. തന്‍റെ ഐപി‌എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്‍റെ അടിയന്തരയോഗത്തിന് മുംബൈയില്‍ എത്തേണ്ടിയിരുന്ന ഭാജി ഒടുവില്‍ പ്രത്യേകം ഏര്‍പ്പെടുത്തിയ ഹെലികോ‌പ്ടറിലാണ് പറന്നത്.

ശനിയാഴ്ചയാണ് ഐപി‌എല്‍ മത്സരങ്ങള്‍ക്ക് ശേഷം കുടുംബാംങ്ങളെ സന്ദര്‍ശിക്കാനായി ഭാജി ജലന്ധറില്‍ എത്തിയത്. ഇതിനിടയിലാണ് വിയന്നയില്‍ സിഖ് ആത്മീയഗുരു കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പഞ്ചാബിലെങ്ങും കലാപം പൊട്ടിപ്പുറപ്പെട്ടത്.

കലാപവും കര്‍ഫ്യൂവും മൂലം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനിയുമായി അടിയന്തര കൂടിക്കാഴ്ചയ്ക്കെത്താന്‍ ഭാജിക്ക് സന്ദേശം ലഭിച്ചത്. തന്‍റെ നിസ്സഹായാവസ്ഥ ഹര്‍ഭജന്‍ മാനേജ്മെന്‍റിനെ അറിയിച്ചു.

ഒടുവില്‍ റിലയ്ന്‍സ് ഗ്രൂപ്പ് തന്നെ ഹെലി‌കോപ്ടര്‍ ഏര്‍പ്പെടുത്തി ഭാജിയെ ചണ്ഡിഗഢില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും അടുത്ത വിമാനത്തില്‍ ഹര്‍ഭജന്‍ സുരക്ഷിതനായി മുംബൈക്ക് മടങ്ങി.

ജലന്ധറിലെ പി‌എപി ഗ്രൌണ്ടില്‍ ജില്ലാ അധികൃതര്‍ ഭാജിക്ക് വേണ്ടി പ്രത്യേകം ഹെലിപ്പാഡ് സജ്ജീകരിച്ചിരുന്നു. വിയന്ന സംഭവത്തെ നിര്‍ഭാഗ്യകരമെന്ന് വിലയിരുത്തിയ ഹര്‍ഭജന്‍ സമാധാനം നിലനിര്‍ത്താന്‍ പഞ്ചാബികള്‍ ക്ഷമയും ഐക്യവും കാണിക്കേണ്ട സമയമാണിതെന്നും ഓര്‍മ്മിപ്പിച്ചു.

സംഭവത്തില്‍ തന്‍റെ ഭാര്യാ സഹോദരനും പരുക്ക് പറ്റിയതായും ഇവരോടൊപ്പം ഒരു രാത്രി മുഴുവന്‍ ആശുപത്രിയില്‍ തങ്ങേണ്ടിവന്നതായും ഹര്‍ഭജന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :