കപ്പില്‍ കണ്ണുനട്ട് ഇന്ത്യ

മിര്‍പുര്‍| WEBDUNIA|
PRO
പുതുവര്‍ഷത്തിലെ ആദ്യ കിരീടത്തില്‍ കണ്ണുനട്ട് ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ബുധനാഴ്ച ശ്രീലങ്കയെ നേരിടും. ആദ്യ മത്സരത്തില്‍ ലങ്കയോട് തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായ മൂന്നു മത്സരങ്ങള്‍ ജയിച്ച് ധോണിപ്പട കിരീട പ്രതീക്ഷകള്‍ സജീവമാക്കിയിട്ടുണ്ട്. സഹീര്‍ അടക്കമുള്ള പേസ് ബൌളര്‍മാര്‍ ഫോമിലെത്തിയതും സച്ചിന്‍റെയും സേവാഗിന്‍റെയും അഭാവത്തിലും ബാറ്റിംഗ് നിര മിന്നുന്ന ഫോം തുടരുന്നതുമാണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നത്.

കിരീടം നേടിയാല്‍ ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുമായുള്ള അകലം കുറയ്ക്കാമെന്നതും ഇന്ത്യയുടെ മനസ്സിലുണ്ട്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 123 പോയന്‍റും ഓസ്ട്രേലിയയ്ക്ക് 130 പോയന്‍റുമാണുള്ളത്. നാളത്തെ മത്സരത്തോടെ പരസ്പരം മത്സരിക്കുന്നതില്‍ ഇന്ത്യയും ലങ്കയും പുതിയ റെക്കോര്‍ഡ് കൂടി സൃഷ്ടിക്കും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള 121മത്തെ മത്സരമാണ് നാളത്തേത്.

പരസ്പരം 120 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വെസ്റ്റിന്‍ഡീസിന്‍റെയും ഓസ്ട്രേലിയയുടെയും റെക്കോര്‍ഡാണ് ഇന്ത്യയും ശ്രീലങ്കയും നാളത്തെ മത്സരത്തോടെ മറികടക്കുക. നാളത്തെ മത്സരത്തില്‍ വീരേന്ദര്‍ സേവാഗ് കളിക്കുമോ എന്നതാണ് ഏവര്‍ക്കും അറിയേണ്ട കാര്യം. ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച സേവാഗിനെ പിന്നെ ടീമിനൊപ്പമോ പരിശീലന സെഷനിലോ ആരും കണ്ടിട്ടില്ല. അവസാന ഓവറുകള്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ ബൌളര്‍മാര്‍ക്കാവുന്നില്ല എന്നതും ധോണ്യ്ക്ക് തലവേദനയാണ്.

രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ച ഹര്‍ഭജന്‍ സിംഗും നാളെ ലങ്കയ്ക്കെതിരെ ഇറങ്ങും. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത ലെഗ്‌സ്പിന്നര്‍ അമിത് മിശ്ര ഹര്‍ഭജന് വേണ്ടി വഴിമാറി കൊടുക്കേണ്ടി വരും. ഇതൊക്കെയാണെങ്കിലും ടോസായിരിക്കും നാളെ കാര്യങ്ങള്‍ തീരുമാനിക്കുക. ടോസ് നേടുന്ന ടീമിന് ബൌളിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :