സച്ചിന്‍ തന്നെ കേമനെന്ന് വോണ്‍

ജോഹ്നാസ്ബര്‍ഗ്| WEBDUNIA|
ക്രിക്കറ്റില്‍ ഒട്ടേറെ മികച്ച താരങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് തന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ബാറ്റ്‌സ്മാനെന്ന് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസവും ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനുമായ ഷെയിന്‍ വോണ്‍. ഒരു സ്വകാര്യ ചടങ്ങിനിടെയാണ് വോണ്‍ സച്ചിനെ വാനോളം പുകഴ്ത്തിയത്.

സച്ചിനൊ ലാറയോ കേമനെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും സച്ചിന്‍റെ ചുമലിലുള്ള പ്രതീക്ഷകളുടെ ഭാരം കണക്കാക്കുമ്പൊള്‍ സച്ചിന്‍ തന്നെയാണ് കേമന്‍. തന്‍റെ 20 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ നേരിട്ടിട്ടുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാനും സച്ചിന്‍ തന്നെയാണെന്നും വൊണ്‍ പറഞ്ഞു.

തന്‍റെ പന്തില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു വിഡ്ഢിയെപ്പോലെ പുറത്തായിട്ടുള്ളത് ദക്ഷിണാഫ്രിക്കയുടെ ഡാരില്‍ കള്ളിനാനാണ്. തനിക്ക് ഹിന്ദി അറിയില്ലെങ്കിലും തന്‍റെ ശരീര ഭാഷ കൊണ്ടും സാഹചര്യം കൊണ്ടും രാജസ്ഥാന്‍ റോയല്‍‌സിലെ ഇന്ത്യന്‍ താരങ്ങളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്നുണ്ട്.

ഞാന്‍ ചിരിച്ചാലും ദേഷ്യപ്പെട്ടാലും അവര്‍ക്ക് അത് എന്തിനാണെന്ന് മനസ്സിലാവും. ട്വന്‍റി-20 ലോക കിരീടം നിലനിര്‍ത്താനിറങ്ങുന്ന ഇന്ത്യക്ക് തന്‍റെ ടീമിലെയും മറ്റ് ടീമുകളിലെയും ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം അവഗണിക്കാനാവില്ലെന്നും വോണ്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :