നാണക്കേടൊഴിവാക്കാന്‍ ഇന്ത്യ

നേപിയര്‍| WEBDUNIA|
രണ്ട് ട്വന്‍റി-20 യിലും ന്യൂസിലാന്‍ഡിനോട് പരാജയം ഏറ്റുവാങ്ങിയതിന്‍റെ നാണക്കേടൊഴിവാക്കാന്‍ ധോണിയും കൂട്ടരും ചൊവ്വാഴ്ച്ച ഇറങ്ങും. ട്വന്‍റി-20 കൈവിട്ടെങ്കിലും ഒന്നാം ഏകദിനത്തില്‍ വിജയിച്ച് ന്യൂസിലാന്‍ഡിന് ആദ്യ പ്രഹരമേല്‍‌പിക്കാനാകും ടീം ഇന്ത്യയുടെ പരിശ്രമം.

അഞ്ച് ഏകദിനങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ഇതില്‍ ആദ്യമത്സരമാണ് ചൊവ്വാഴ്ച്ച നേപിയറില്‍ നടക്കുക. മുതിര്‍ന്ന താരമായ സച്ചിന്‍റെ സാന്നിധ്യം ഇന്ത്യന്‍ ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ന്യൂസിലാന്‍ഡ് പിച്ചുകളില്‍ ഇന്ത്യന്‍ ബൌളര്‍മാരുടെ പ്രകടനമാണ് നിര്‍ണ്ണായകമാകുക. രണ്ടാം ട്വന്‍റി-20യില്‍ പരുക്കേറ്റ ഇഷാന്ത് ശര്‍മ ആദ്യ ഏകദിനത്തിനുണ്ടാകുമോ എന്ന് വ്യക്തമായിട്ടില്ല. പ്രവീണ്‍ കുമാറിനെയും മുനാഫ് പട്ടേലിനെയും ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.

വെല്ലിംഗ്ടണ്‍ മത്സരത്തില്‍ ആദ്യ രണ്ട് ഓവറുകളില്‍ 25 റണ്‍സ് വിട്ടുകൊടുത്തെങ്കിലും കളിയുടെ അവസാ‍നം ഇര്‍ഫാന്‍ പത്താന്‍ ഫോമിലേക്കുയര്‍ന്നിരുന്നു. രണ്ട് വിക്കറ്റുകള്‍ നേടിയ ഇര്‍ഫാന്‍ അവസാന രണ്ട് ഓവറുകളില്‍ 16 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അവസാനപന്തുവരെ കിവീസിനെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്താനും ഇര്‍ഫാനായി.

ആവനാഴിയിലെ സകല അസ്‌ത്രങ്ങള്‍ക്കും മൂര്‍ച്ച കൂട്ടിയാകും ഡാനിയല്‍ വെറ്റോറിയും കൂട്ടരും നേപിയറില്‍ ഇറങ്ങുക. ട്വന്‍റി-20 യില്‍ ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇയാന്‍ ബട്‌ലറും പരിക്ക് ഭേദമായി മടങ്ങിയെത്തിയ കൈ മില്‍‌സും നയിക്കുന്ന പേസ് ആക്രമണമാകും ഇന്ത്യന്‍ ബാറ്റിംഗിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നത്. രണ്ട് ട്വന്‍റി-20യിലും കിവീസിന്‍റെ ബാറ്റിംഗ് വന്‍‌മതിലായിരുന്ന മക്കല്ലത്തിന്‍റെ മികച്ച ഫോം കിവീസിന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :