ധോണിയും യുവിയും തുരുപ്പു ചീട്ടുകള്‍: ചാപ്പല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 29 മെയ് 2009 (15:35 IST)
നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും യുവരാജ് സിംഗുമായിരിക്കും ട്വന്‍റി-20 ലോകകപ്പിലെ ഇന്ത്യയുടെ തുരുപ്പു ചീട്ടുകളെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍. ധോണിയുടെ ബുദ്ധികൂര്‍മതയും യുവരാജിന്‍റെ അക്രമണോത്സ്കുതയും തന്നെയായിരിക്കും കിരീടം നിലനിര്‍ത്താനിറങ്ങുന്ന ഇന്ത്യ ആശ്രയിക്കുകയെന്നും ചാപ്പല്‍ പറഞ്ഞു.

ആര് കപ്പ് നേടും എന്ന് ഇപ്പോള്‍ പറയാനാവില്ലെങ്കിലും ഇന്ത്യയുടെ വെല്ലുവിളി ശക്തമാണെന്ന് ചാപ്പല്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ പ്രവചനാതീതരാണ്. ഓസ്ട്രേലിയ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇത്തവണ എല്ലാവര്‍ക്കും സാധ്യതയുണ്ട്.

മറ്റ് ടീമുകള്‍ക്ക് മേല്‍ ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ട്. കാരണം ധോണിയെയും യുവരാജിനെയും പോലുള്ള തുരുപ്പ് ചീട്ടുകള്‍ അവരുടെ പക്കലുണ്ട് എന്നത് തന്നെ. സമകാലീന നായകന്‍‌മാരില്‍ ധോണിയാണ് കേമന്‍. ഐ പി എല്ലില്‍ യുവരാജ് തിളങ്ങിയില്ലെങ്കിലും കുട്ടി ക്രിക്കറ്റിലെ എറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് യുവരാജ്.

എതിര്‍ ടീമിലെ നായകന്‍‌മാര്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ യുവിക്കാവും. ഐ പി എല്ലിലെ അനുഭവ പരിചയം ഇന്ത്യന്‍ താരങ്ങള്‍ക്ക് മുതല്‍കൂട്ടാവുമെന്നും ചാപ്പല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :