ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 8 വിക്കററ്റ് ജയം. മഴകാരണം 40 ഓവറായ ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 165 റണ്‍സിന് ഓള് ഔട്ടായി. 40 ഓവറില്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ സ്കോര്‍ 47ല്‍ നില്ക്കുമ്പോള് വീണ്ടും മഴ തടസ്സം സൃഷ്ടിച്ചു. മഴ മാറി കളി ആരംഭിച്ചെങ്കിലും വീണ്ടും മഴയെത്തി. തുടര്‍ന്ന് മത്സരം 22 ഓവറാക്കി ചുരുക്കി ഇന്ത്യയുടെ വിജയലക്ഷ്യം 102 റണ്‍സാക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഴയുടെ ആനുകൂല്യം മനസ്സിലാക്കി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകകയായിരുന്നു. ടൂര്‍ണമെന്റില്‍ നിന്നും പാകിസ്ഥാന് നേരത്തെ പുറത്തായായിരുന്നു.
41 റണ്‍സെടുത്ത ആസാദ് ഷാഫിക്കായിരുന്നു പാകിസ്ഥാന്റെ ടോപ് സ്കോറര്‍. മുഹമ്മദ് ഹഫീസ് 27 റണ്‍സെടുത്തു. രണ്ടാമത്തെ ഓവറില്‍ നസീര്‍ ജംഷാദി(2)നെ റെയ്നയുടെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ആദ്യ വിക്കറ്റ് നേടി. ആസാദ് ഷാഫിക്കും ക്യാപ്റ്റന്‍ മിസ്ബ ഉള്ബക്കും ചേര്‍ന്ന് മികച്ച സ്കോറിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ മിസ്ബയുടെ വിക്കറ്റ് വീഴ്ത്തി ജഡേജയാണ് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കിയത്. ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ, അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ പാകിസ്ഥാന്റെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യ 19.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താനെ മറിക്കടന്നത്. 48 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും 18 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് വിരാട് കോഹ്ലിയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നാണ് ഇന്ത്യയെ വിജയിപ്പിച്ചത്. ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദ് മാച്ച്.