ഇന്ത്യക്ക് സമ്മര്‍ദ്ദമില്ലെന്ന് ധോണി

മുംബൈ| WEBDUNIA| Last Modified വെള്ളി, 29 മെയ് 2009 (11:56 IST)
ട്വന്‍റി-20 ലോകകപ്പ് നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിനു മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ലെന്ന് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ലോകകപ്പ് മത്സരങ്ങള്‍ക്കായി ലണ്ടനിലേക്ക് യാത്ര തിരിക്കുന്നതിനു മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധോണി.

നാലോ അഞ്ചോ പന്തുകളില്‍ കളിയുടെ ഗതിമാറുന്ന ട്വന്‍റി-20യില്‍ ഇന്ത്യയുടെ ശൈലി അനുയോജ്യമാണെന്നും ധോണി പറഞ്ഞു. പാര്‍ട് ടൈം ബൌളര്‍മാരുടെയും ഓള്‍ റൌണ്ടര്‍മാരുടെയും സാന്നിധ്യം ഇന്ത്യക്ക് കരുത്തുപകരും. ട്വന്‍റി-20യിലെ മത്സര പരിചയം കളിക്കാര്‍ക്ക് ഗുണകമരമാവുമെന്നാണ് പ്രതീക്ഷ. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ എങ്ങിനെ കളിക്കണമെന്നതിന് നല്ലൊരു പാഠമായിരുന്നു ഐ പി എല്‍ മത്സരങ്ങള്‍. ഇന്ത്യന്‍ ടീം ഏറെ സംതുലിതമാണ്. കിരിടം നിലനിര്‍ത്താന്‍ നമുക്കാവുമെന്നാണ് പ്രതീക്ഷയെന്നും ധോണി പറഞ്ഞു.

കൂടുതല്‍ മത്സരങ്ങള്‍ കളിക്കുമ്പോള്‍ ശാരീരികമായി ക്ഷീണം അനുഭവപ്പെടും. എന്നാല്‍ ഐപിഎല്ലില്‍ താരങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിച്ചതും ഓരോരുത്തരുടെയും ശക്‌തിദൗര്‍ബല്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞതും ടീമിന്‌ ഏറെ ഗുണകരമാണ്‌. ട്വന്റി 20 ലോകകപ്പുപോലെയുള്ള രാജ്യാന്തര മത്സരങ്ങളില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഐപിഎല്‍ മത്സരങ്ങളിലൂടെ താരങ്ങള്‍ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കുമലിന് പരിക്കേറ്റ പേസ്‌ ബോളര്‍ സഹീര്‍ ഖാന്‍ നൂറു ശതമാനം ശാരീരിക ക്ഷമത കൈവരിച്ചിട്ടില്ലെന്നും ധോണി പറഞ്ഞു. ആദ്യ മത്സരത്തില്‍ സഹീറിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷ. ഒരു ടീമും ഭീഷണിയാണെന്ന് കരുതുന്നില്ല. ഈ ഫോര്‍മാറ്റില്‍ എല്ലാവര്‍ക്കും ജയിക്കാന്‍ അവസരമുണ്ട്. ടൂര്‍ണമെന്‍റിലെ ഫലമെന്തായാലും അത് സ്വീകരിക്കാന്‍ ആരാധകര്‍ തയ്യാറാവണമെന്ന് മുന്നറിയിപ്പും ധോണി നല്‍കി. ജൂണ്‍ അഞ്ചിനാണ് ലോകകപ്പ്‌ മത്സരങ്ങള്‍ ആരംഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :