ഇംഗ്ലണ്ട് ഒടുവില്‍ പതറി

ജോഹന്നാസ്ബെര്‍ഗ്| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (12:10 IST)
സെമിയിലേക്കുള്ള വഴി തെളിക്കാനിറങ്ങിയ കിവികള്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് പതറി. ഷെയ്ന്‍ ബോണ്ടിന്‍റെയും (3 വിക്കറ്റ്) എല്ലിയറ്റിന്‍റെയും (4 വിക്കറ്റ്) മാസ്മര ബൌളിംഗിന് മുന്നില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ നാല് വിക്കറ്റിന് അവര്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ പരാജയം സമ്മതിച്ചു.

പ്രവചനങ്ങള്‍ തെറ്റിച്ച് ടീം മികവു കൊണ്ട് ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച ടീമായി മാറിയ അവര്‍ 43.1 ഓവറില്‍ 146 റണ്‍സിന് പുറത്തായി. 40 റണ്‍സെടുത്ത കോളിംഗ്‌വുഡാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. ഇന്നിംസ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ ആന്‍ഡ്രൂ സ്ട്രോസ് സം‌പൂജ്യനായി മടങ്ങിയത് മുതല്‍ ഇംഗ്ലണ്ടിന് തിരിച്ചടികളായിരുന്നു. മില്‍‌സിന്‍റെ പന്തില്‍ കീപ്പര്‍ മക്‍ക്കെല്ലം സ്ട്രോസിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഡെന്‍‌ലിയെയും ഷായെയും ബോണ്ട് മടക്കിയയച്ചു.

ഇതോടെ പ്രതിരോധത്തിലായ ഇംഗ്ലണ്ടിന് കോളിംഗ്‌വുഡിന്‍റെയും ബൊപ്പാറയുടെയും (51 പന്തില്‍ നിന്ന് 30 റണ്‍സ്) ചെറുത്തുനില്‍‌പാണ് അല്‍‌പമെങ്കിലും ആശ്വാസമായത്. 10 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷെയ്ന്‍ ബോണ്ട് 3 വിക്കറ്റുകള്‍ വീഴ്ത്തിയത്. 8 ഓവറില്‍ 31 റണ്‍സ് നല്‍കി എല്ലിയറ്റ് നാലു വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മക്‍കെല്ലവും ഗുപ്തിലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 55 പന്തില്‍ നിന്ന് ഏഴ് ഫോറുകളും ഒരു സിക്സറും ഉള്‍പ്പെടെ ഗുപ്തില്‍ 53 റണ്‍സ് നേടി. 39 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്സുകളുമടക്കം മക്‍കെല്ലം 48 റണ്‍സും നേടി. പിന്നീട് ബ്രോഡിന്‍റെ പന്തുകള്‍ക്ക് മുന്നില്‍ കിവികള്‍ അല്‍‌പം വിറച്ചെങ്കിലും ഇരുപത്തിയേഴാം ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്‍ഷ്യം മറികടന്നു.

ഇംഗ്ലണ്ടിന് വേണ്ടി ബ്രോഡാണ് ബൌളിംഗില്‍ തിളങ്ങിയത്. എട്ടോവറില്‍ 39 റണ്‍സ് വിട്ടുകൊടുത്ത് ബ്രോഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ന്യൂസിലാന്‍ഡിന്‍റെ സെമി പ്രവേശനത്തോടെ ശ്രീലങ്ക ടൂര്‍ണ്ണമെന്‍റില്‍ നിന്ന് പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :