അക്രം റൈഡേഴ്സ് ക്യാമ്പ് സന്ദര്‍ശിക്കും

കൊല്‍ക്കത്ത| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (13:54 IST)
PRO
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പരിശീലന ക്യാമ്പില്‍ പാ‍കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വസിം അക്രം സന്ദര്‍ശനം നടത്തും. ടീമിന്‍റെ പരിശീലകനാകാന്‍ അക്രവുമായി നേരത്തെ റൈഡേഴ്സ് ചര്‍ച്ചയും കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം.

റൈഡേഴ്സ് ക്യാപ്റ്റന്‍ സൌരവ് ഗാംഗുലിയാണ് ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്ച മുതലാണ് നൈറ്റ് റൈഡേഴ്സിന്‍റെ പരിശീ‍ലന ക്യാമ്പ് ഗുര്‍ഗൌണില്‍ ആരംഭിക്കുക. ഒക്ടോബര്‍ എട്ടുവരെയാണ് ക്യാമ്പ്. നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്‍റെ കമന്‍ഡേറ്ററായി ദക്ഷിണാഫ്രിക്കയിലാണ് അക്രം. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ഫൈനലിന് ശേഷമായിരിക്കും അക്രം കൊല്‍ക്കത്ത സന്ദര്‍ശിക്കുക. ടീമിന്‍റെ പരിശീ‍ലനം വീക്ഷിക്കാനും ടീമംഗങ്ങളെ പരിചയപ്പെടാനുമാണ് അക്രത്തിന്‍റെ വരവെന്നാണ് സൂചന.

നേരത്തെ ടീം ഉടമ ഷാരൂഖ് ഖാനുമായും ക്യാപ്റ്റന്‍ ഗാംഗുലിയുമായും വസിം അക്രം കൂടിക്കാഴ്ച നടത്തിയിരുന്നു. ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ മനസിലുള്ള പദ്ധതികളും അക്രം ഷാരൂഖിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐപി‌എല്ലില്‍ ദയനീയ പ്രകടനമാണ് നൈറ്റ് റൈഡേഴ്സ് കാഴ്ചവെച്ചിരുന്നത്. ഇതേ തുടര്‍ന്ന് പരിശീലകനായിരുന്ന ജോണ്‍ ബുക്കാനനെ റൈഡേഴ്സ് പുറത്താക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :