വര്‍ഷത്തില്‍ രണ്ട് ഐപിഎല്‍ വേണമെന്ന് മോഡി

ഡര്‍ബന്‍| WEBDUNIA| Last Modified ശനി, 23 മെയ് 2009 (12:40 IST)
പൊ‌ന്‍‌മുട്ടയിടുന്ന താറാവിനെ കൊന്ന് മുട്ടയെല്ലാം സ്വന്തമാക്കാനൊരുങ്ങിയ തട്ടാന്‍റെ കഥ ഇന്ത്യന്‍ ക്രിക്കറ്റിലും ആവര്‍ത്തിക്കുകയാണോ ?. ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡിയുടെ പ്രസ്താവന അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഐ പി എല്‍ എന്ന പണം കായ്ക്കുന്ന മരം ദക്ഷിണാഫ്രിക്കയിലേക്ക് പറിച്ചു നട്ടപ്പോഴും കോടികളുടെ മണികിലുക്കമാണ് ഉണ്ടായത്. ഇതാണ് വര്‍ഷത്തില്‍ ഒരു ഐ പി എല്‍ സീസണ്‍ എന്നതിനു പകരം രണ്ടെണ്ണമായാലെന്താ എന്ന് ചിന്തിക്കാന്‍ മോഡിയെ പ്രേരിപ്പിച്ചത്. ഒരു ഐ പി എല്‍ സീസണ്‍ ഇന്ത്യയിലെ ആരാധകര്‍ക്ക് വേണ്ടിയും മറ്റൊരെണ്ണം വിദേശത്തും എന്ന രീതിയിലാണ് ടൂര്‍ണമെന്‍റ് നടത്താന്‍ ഉദ്ദ്യേശിക്കുന്നതെന്ന് ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയില്‍ ഐ പി എല്‍ മത്സരങ്ങള്‍ക്ക് ലഭിച്ച പിന്തുണയാണ് പുതിയ ചിന്തയ്ക്ക് ആധാരം. ക്രിക്കറ്റിന് അധികം പ്രചാരമില്ലാത്ത അമേരിക്കയില്‍ ഐ പി എല്‍ മത്സരങ്ങള്‍ നടത്താനാണ് മോഡി ഇപ്പോള്‍ ലക്‍ഷ്യമിടുന്നത്.

എന്നാല്‍ അന്താരാഷ്ട്ര താരങ്ങളുടെ ലഭ്യത അനുസരിച്ച് മാത്രമേ ആശയം നടപ്പിലാക്കാനാവൂ എന്നതാണ് മോഡി നേരിടുന്ന പ്രധാന തടസം. ഐ സി സി ഇതുവരെ ഐ പി എല്ലിനെ വാര്‍ഷിക കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ താരങ്ങളുടെ ലഭ്യത തന്നെയാവും പ്രധാന പ്രശ്നമെന്ന് ക്രിക്കറ്റ് വിദഗ്ദര്‍ കരുതുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :