പരുക്ക്: ഫ്ലിന്‍റോഫ് ട്വന്‍റി-20 ലോകകപ്പിനില്ല

ലണ്ടന്‍| WEBDUNIA|
പരുക്കേറ്റ ഇംഗ്ലണ്ടിന്‍റെ ഓള്‍ റൌണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫ് ട്വന്‍റി-20 ലോകകപ്പിനില്ല. പകരം സ്പിന്നര്‍ ആദില്‍ റഷീദിനെ ടീമില്‍ ഉള്‍പ്പെടുത്തി. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടില്‍ നടന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ ഫ്ലിന്‍റോഫിന് നഷ്ടമായിരുന്നു. ട്വന്‍റി-20 മത്സരങ്ങള്‍ക്ക് ഏറെ കായിക ക്ഷമത വേണ്ടതുണ്ടെന്നും അതിനാലാണ് ഫ്ലിന്‍റോഫിനെ ടീമിലെടുക്കാതിരുന്നതെന്നും ടീം സെലക്ഷന്‍ ചെയര്‍മാന്‍ ജഫ് മില്ലര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ആദ്യ കുറച്ച് മത്സരങ്ങള്‍ കളിച്ചെങ്കിലും കാലിലെ പരുക്കിനു ശസ്ത്രക്രിയയ്ക്കായി ഫ്ലിന്‍റോഫ് നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ പോരാട്ടത്തിനിടെ വലതു കാല്‍മുട്ടിനു വേദന തോന്നിയതിനെത്തുടര്‍ന്നാണ് ഫ്ലിന്‍റോഫ് സ്കാനിങ് നടത്തിയതും ചികിത്സക്കായി മടങ്ങിയതും.

അതേസമയം, ഓസീസിനെതിരെ ജൂലൈയില്‍ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയിലേക്ക് ഫ്ലിന്‍റോഫ് തിരിച്ചെത്തിയേക്കുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ കൂടിയായ ഫ്ലിന്‍റോഫിന്‍റെ കരിയറില്‍ ഭൂരിഭാഗവും പരുക്കിന്‍റെ പിടിയിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :