ടെസ്റ്റ് ക്രിക്കറ്റ് മരിച്ചാലും സങ്കടമില്ലെന്ന് ഗെയ്‌ല്‍

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 13 മെയ് 2009 (11:35 IST)
ട്വന്‍റി-20 ക്രിക്കറ്റിന്‍റെ അമിത പ്രചാരം മൂലം ക്രിക്കറ്റിന്‍റെ ക്ലാസിക് രൂപമായ ടെസ്റ്റ് ക്രിക്കറ്റിന് അകാല ചരം സംഭവിച്ചാലും തനിക്ക് സങ്കടമൊന്നുമില്ലെന്ന് വെസ്റ്റിന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്‌ല്‍. ഐ പി എല്‍ തിരക്കുകള്‍ മൂലം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഗെയ്‌ല്‍ വൈകിയെത്തിയതിനെ ഇംഗ്ലീഷ് നായകന്‍ ആന്‍ഡ്ര്യു സ്ട്രോസ് വിമര്‍ശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഗെയ്‌ല്‍. ഇംഗ്ലണ്ട് നായകന്‍ സ്വന്തം ടീമിന്‍റെ മാത്രം കാ‍ര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും ഗെയ്‌ല്‍ തുറന്നടിച്ചു.

സ്ട്രോസ് ആദ്യം ഇംഗ്ലണ്ട് ടീമില്‍ ശ്രദ്ധിക്കട്ടേ. വിന്‍ഡീസ് ടീമീക്കുറിച്ചും എന്നെക്കുറിച്ചും സ്ട്രോസ് ആശങ്കപ്പെടേണ്ട. എന്നെ വിചാരിച്ച് ഉറങ്ങാന്‍ കിടക്കാതെ എന്നെ മനസ്സില്‍ നിന്ന് കളഞ്ഞ് ഉറങ്ങാന്‍ ശ്രമിക്കൂ-ഗെയ്‌ല്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിന്‍റെ മരണം ആസന്നമാണെങ്കില്‍ ഞാന്‍ സങ്കടപ്പെടുന്നില്ല. ഒരു പക്ഷെ സ്ട്രോസ് സങ്കടപ്പെടുന്നുണ്ടാവാം. കാരണം ഈ രീതിയിലേക്ക് മാറാനോ കളിക്കാനോ സ്ട്രോസിന് കഴിയില്ല. നിര്‍ഭാഗ്യം അല്ലാതെന്തു പറയാന്‍. ഒരു പത്രത്തില്‍ എഴുതിയ കോളത്തില്‍ ഗെയ്‌ല്‍ വ്യക്തമാക്കി.

ട്വന്‍റി-20യെ കുറച്ച് ഇംഗ്ലീഷുകാരൊഴികെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്. വെസ്റ്റിന്‍ഡീസ് ടീമിന്‍റെ നായക സ്ഥാനത്ത് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗെയ്‌ല്‍ വ്യക്തമാക്കി. സത്യസന്ധമായി പറഞ്ഞാല്‍ ഒരവസരം ലഭിക്കുകയാണെങ്കില്‍ ഞാന്‍ നായക സ്ഥാനം ഒഴിയും.

ഇവിടെ കടിച്ച് തൂങ്ങിയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നായകന് സ്വന്തമായി എപ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനുണ്ടാവും. ഞാന്‍ അത്തരമൊരു മനുഷ്യനല്ല. ഒരുപാട് കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ എനിക്കാവില്ല. അതിനാല്‍ ഉടന്‍ തന്നെ നായക സ്ഥാനം ഒഴിയുമെന്നും ഗെ‌യ്‌ല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :