വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിനുമുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി

ശ്രീനു എസ്| Last Modified ചൊവ്വ, 27 ജൂലൈ 2021 (09:19 IST)
സംസ്ഥാനത്തെ വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 3,50,648 പേര്‍ക്കുമാണ് വാക്സിന്‍ നല്‍കാനായിരുന്നു ലക്ഷ്യം വച്ചത്. ഇതില്‍ 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ആരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്സിനെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമായി ബാധിക്കുന്ന വിഭാഗമായതിനാലാണ് വാക്സിനേഷന്റെ മുന്‍ഗണനാ പട്ടികയില്‍ മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളിലുള്ളവരേയും 45 നും 60 നും ഇടയ്ക്ക് പ്രായമുള്ള അനുബന്ധ രോഗമുള്ളവരേയും ഉള്‍പ്പെടുത്തിയത്. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഏപ്രില്‍ ഒന്നിന് ആരംഭിച്ചു. കൃത്യമായ പ്ലാനിംഗിലൂടെ ജില്ലകളുടെ പിന്തുണയോടെ ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചത്. മികച്ച പ്രവര്‍ത്തനം നടത്തി ലക്ഷ്യം കൈവരിച്ച രണ്ട് ജില്ലകളേയും മന്ത്രി അഭിനന്ദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :