‘സ്വയംവര സമ്പ്രദായ’ത്തിലൂടെ രംഭ വരനെ തെരഞ്ഞെടുക്കുന്നു എന്നറിഞ്ഞ ഒരു ആരാധകന്‍ രംഭയുടെ വീട്ടുഗേറ്റില്‍ ലഹള ഉണ്ടാക്കിയതായി കോടമ്പാക്കം ‘ചെയ്തി’. തന്നെ വിവാഹം കഴിക്കണമെന്നും വിവാഹനിശ്ചയം ഉടനെ നടത്തണമെന്നും പറഞ്ഞാണ് രംഭയുടെ സാലിഗ്രാമത്തിലെ വീട്ടിന്റെ ഗേറ്റിന് മുന്നില്‍ വെങ്കിടേഷ് എന്ന ആരാധകന്‍ അലമ്പുണ്ടാക്കിയത്. വെങ്കിടേഷിന്റെ കയ്യില്‍ രംഭയുടെ വിരലില്‍ അണിയിക്കാനുള്ള മോതിരവും ഉണ്ടായിരുന്നു.
ശനിയാഴ്ച രാവിലെയോടെയാണ് രംഭയുടെ വീട്ടുപടിക്കല്‍ വെങ്കിടേഷ് എത്തിയത്. ഗേറ്റ് തുറന്ന് അകത്തുകടക്കാന്‍ ശ്രമിച്ച വെങ്കിടേഷ് ഗേറ്റില്‍ നിന്നിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ആക്രമിച്ചു. വീട്ടിനുള്ളില്‍ കടക്കാന്‍ കഴിയാതെ വന്നപ്പോള്‍ റോഡില്‍ നിന്ന് കല്ലെടുത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുന്ന രംഭയുടെ കാറില്‍ എറിഞ്ഞു. രംഭയെ വിവാഹം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്തുകളയുമെന്ന് ഈ യുവാവ് ഭീഷണി മുഴക്കുകയുമുണ്ടായി.
ആരാധകന്റെ ആരാധന അക്രമത്തിലേക്ക് തിരഞ്ഞപ്പോള്‍ രംഭ പൊലീസിന് ഫോണ്‍ ചെയ്യുകയും പൊലീസെത്തി വെങ്കടേഷിനെ ചെറുതായി ‘കൈകാര്യം’ ചെയ്യുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ വെങ്കിടേഷിന്റെ മാതാപിതാക്കളും ബന്ധുക്കളും കരഞ്ഞ് അപേക്ഷിച്ചതിനെ തുടര്‍ന്ന്, രംഭയുടെ അഭ്യര്‍ത്ഥന പ്രകാരം, കേസെടുക്കാതെ വെങ്കിടേഷിനെ പൊലീസ് വിട്ടയച്ചു. ഒരു മെഡിക്കല്‍ ഷോപ്പില്‍ സെയില്‍സ്‌മാനാണ് വെങ്കിടേഷെന്ന് പൊലീസ് അറിയിച്ചു.
ഗ്ലാമര്‍ താരം ‘രാഖി സാവന്ത്’ ചെയ്തതുപോലെ, ടെലിവിഷന്‍ പരിപാടിയിലൂടെ വരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രംഭയിപ്പോള്‍. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി നല്ലൊരു വരനെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് രംഭയുടെ വീട്ടുകാര്‍. രംഭയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിലൊരു വരനെ ഇതുവരെ കിട്ടിയില്ലല്ലോ എന്ന് വീട്ടുകാര്‍ ദുഃഖിതരുമാണ്. അപ്പോഴാണ്, പഴയ ‘സ്വയംവര സമ്പ്രദായ’ത്തിലൂടെ രാഖി സാവന്ത് തന്റെ ഇണയെ തെരഞ്ഞെടുക്കുന്നത്. സംഗതിയറിഞ്ഞ പാടേ, തനിക്കും ഇതുപോലൊരു ‘സ്വയംവരം’ ആയാലെന്താ എന്ന് രംഭ വീട്ടുകാരോട് ചോദിക്കുകയായിരുന്നു.
ആരാധകന്‍ വീട്ടുപടിക്കല്‍ അലമ്പുണ്ടാക്കിയതോടെ കൂടുതല്‍ ആരാധകര്‍ ‘അഴകിയ രാവണന്‍’ ചമഞ്ഞ് തന്നെ തേടിയെത്തുമോ എന്ന അങ്കലാപ്പിലാണ് രംഭ. സ്വയംവര പരിപാടി വേണ്ടെന്ന് വച്ചാലോ എന്നാണ് രംഭയിപ്പോള്‍ ചിന്തിക്കുന്നത്.