സണ്‍ ടിവിയില്‍ ഏഴാം അറിവ്!

WEBDUNIA|
PRO
തമിഴ് സിനിമയില്‍ ഒക്ടോബറില്‍ ഒരു അത്ഭുതം സംഭവിക്കാന്‍ പോകുന്നു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘ഏഴാം അറിവ്’ ഒക്ടോബര്‍ 26നാണ് റിലീസ് ചെയ്യുന്നത്. സൂപ്പര്‍സ്റ്റാര്‍ നായകനാകുന്ന സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് കോടികള്‍ നല്‍കി സണ്‍ ടി വി സ്വന്തമാക്കി.

“ദീപാവലി റിലീസായി ഒക്ടോബര്‍ 26ന് ഏഴാം അറിവ് പ്രദര്‍ശനത്തും. സാറ്റലൈറ്റ് റൈറ്റ് സണ്‍ ടി വിക്കാണ് നല്‍കിയിരിക്കുന്നത്.” - നിര്‍മ്മാതാവ് ഉദയാനിധി സ്റ്റാലിന്‍ അറിയിച്ചു. എന്നാല്‍ സണ്‍ ടി വി എത്ര കോടി രൂപ നല്‍കിയാണ് ചിത്രത്തിന്‍റെ സം‌പ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്ന് ഉദയാനിധി വെളിപ്പെടുത്തിയില്ല.

സൂര്യയും ശ്രുതി ഹാസനും ജോഡിയാകുന്ന ഈ ബ്രഹ്മാണ്ഡചിത്രത്തിന്‍റെ ചെലവ് 110 കോടി രൂപയാണ്. “ഏഴാം അറിവ് എന്നാല്‍ ഡി എന്‍ എ രഹസ്യമാണ്. ആ രഹസ്യത്തെയാണ് ഈ ചിത്രത്തിലൂടെ പുറം‌ലോകത്തെ അറിയിക്കുന്നത്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാലത്തെയും സമകാലിക ലോകത്തെയും ഏഴാം അറിവില്‍ കാണിക്കുന്നുണ്ട്. 500 വര്‍ഷങ്ങള്‍ക്കുമുമ്പ് വെറും കാട്ടുവാസികളായിരുന്ന അമേരിക്കക്കാരും ഓസ്ട്രേലിയക്കാരും ഇന്ന് ഇത്രമാത്രം മുന്നേറിയെങ്കില്‍ അതിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പാരമ്പര്യമുള്ള നമ്മള്‍ എന്തുകൊണ്ട് മുന്നേറുന്നില്ല? ഇക്കാര്യങ്ങളെല്ലാം ഏഴാം അറിവ് വിശദമായി ചര്‍ച്ച ചെയ്യുന്നു” - മുരുഗദോസ് അറിയിക്കുന്നു.

സൂര്യയുടെ മൂന്ന് കഥാപാത്രങ്ങളാണ് ഏഴാം അറിവില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു സന്യാസിയായും സര്‍ക്കസ് ആര്‍ട്ടിസ്റ്റായും ശാസ്ത്രജ്ഞനായും സൂര്യ അഭിനയിക്കുന്നു. “സൂര്യ ഇനി ഏതു സിനിമയില്‍ അഭിനയിച്ചാലും ഏഴാം അറിവായിരിക്കും അദ്ദേഹത്തിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ചിത്രം. ഇതിലെ സംഘട്ടന രംഗങ്ങളില്‍ ആയോധനകലയുടെ വിവിധ രീതികള്‍ പരീക്ഷിക്കുന്നു. ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്കാവശ്യമായ പരിശീലനങ്ങള്‍ക്കായി ഒരു മാസം സൂര്യ വിയറ്റ്‌നാമിലായിരുന്നു.” - മുരുഗദോസ് പറയുന്നു.

ഹാരിസ് ജയരാജ് ഈണം നല്‍കിയ ആറുഗാനങ്ങളാണ് ഈ ചിത്രത്തില്‍ ഉള്ളത്. ഇതില്‍ ഒരെണ്ണം ചൈനീസ് ഗാനമാണ്. ചൈനീസ് ഗാനത്തിനുള്‍പ്പടെ എല്ലാ പാട്ടുകള്‍ക്കും വരികള്‍ എഴുതിയിരിക്കുന്നത് വൈരമുത്തുവിന്‍റെ മകന്‍ മദന്‍ കാര്‍ക്കിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ഏഴാം അറിവിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ രവി കെ ചന്ദ്രന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :