മോഹന്‍ലാലും മുകേഷും വീണ്ടും, ഒരു കോമഡി ത്രില്ലര്‍!

WEBDUNIA|
PRO
അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ‘പെരുച്ചാഴി’ എന്ന ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ തന്നെ. ഇക്കാര്യം സംബന്ധിച്ച് ലാല്‍ സ്ഥിരീകരണം നല്‍കി. ഏറ്റവും പുതിയ വിവരം അനുസരിച്ച് മോഹന്‍ലാലിനൊപ്പം മുകേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഇതോടെ മോഹന്‍ലാല്‍ - മുകേഷ് കൂട്ടുകെട്ടില്‍ ഒരു ഉജ്ജ്വല കോമഡിച്ചിത്രത്തിനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.

‘പെരുച്ചാഴിയില്‍ മോഹന്‍ലാല്‍ നായകനാകുന്നു’ എന്ന് മലയാളം വെബ്‌ദുനിയ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ ശേഷം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ നടത്തിയ വിശദീകരണം അല്‍പ്പം ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. “ഞാന്‍ അഭിനയിക്കുന്ന പുതിയ പ്രൊജക്ടുകളേക്കുറിച്ച് ഏറെ റൂമറുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. മേയ് മാസത്തില്‍ വിജയ്ക്കൊപ്പം ഒരു തമിഴ് സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. അതിനുമുമ്പ് ഞാന്‍ ഒരു മലയാളം ചിത്രവും ചെയ്യുന്നുണ്ട്. അതിന്‍റെ ഡിസ്കഷനുകള്‍ നടക്കുകയാണ്. ഇവ രണ്ടുമല്ലാതെ, ഞാന്‍ ഒരു പ്രൊജക്ടും കണ്‍ഫേം ചെയ്തിട്ടില്ല” - എന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. ഇതോടെ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന്‍റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

അരുണ്‍ വൈദ്യനാഥന്‍ ‘പെരുച്ചാഴി’ തമിഴിലേക്ക് ഡബ്ബ് ചെയ്യുമെന്നും ഒരു ഡബ്ബിംഗ് ചിത്രത്തിലൂടെ തമിഴകത്ത് റീ എന്‍‌ട്രി ചെയ്യാന്‍ മോഹന്‍ലാലിന് താല്‍പ്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് പെരുച്ചാഴി എന്ന പ്രൊജക്ടിനെക്കുറിച്ച് ആശങ്കകള്‍ ഉയരാന്‍ കാരണം. ഇപ്പോള്‍ പെരുച്ചാഴിയില്‍ താന്‍ നായകനാകുന്നു എന്ന കാര്യത്തില്‍ മോഹന്‍ലാല്‍ തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുന്നു.

അരുണ്‍ വൈദ്യനാഥന്‍ ‘പെരുച്ചാഴി’യുടെ തിരക്കഥ തമിഴില്‍ തയ്യാറാക്കിക്കഴിഞ്ഞു. ശ്യാമപ്രസാദിന്‍റെ ‘ഇംഗ്ലീഷ്’ എന്ന പ്രൊജക്ടിന് തിരക്കഥ രചിച്ച അജയന്‍ തമിഴ് തിരക്കഥയുടെ മലയാളം ട്രാന്‍സ്‌ലേഷന്‍ നിര്‍വഹിച്ചുവരികയാണ്.

“അമേരിക്കയിലാണ് പെരുച്ചാഴിയുടെ ചിത്രീകരണം. ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങും. പ്രീ പ്രൊഡക്ഷന്‍ ജോലികളും വിസാ ഫോര്‍മാലിറ്റികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഞാന്‍ മോഹന്‍ലാലിന്‍റെ ഒരു കടുത്ത ആരാധകനാണ്. അദ്ദേഹത്തിന് പെരുച്ചാഴിയിലെ കഥാപാത്രം പൂര്‍ണമായും ഇണങ്ങുന്നതാണ്” - വ്യത്യസ്തമായ പ്രമേയമാണ് ഈ ചിത്രത്തിലേക്ക് മോഹന്‍ലാലിനെ ആകര്‍ഷിച്ചതെന്നും അരുണ്‍ വൈദ്യനാഥന്‍ പറയുന്നു. ഒരു അമേരിക്കന്‍ നടിയാണ് ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ നായിക.

ബോയിംഗ് ബോയിംഗ്, വന്ദനം, കാക്കക്കുയില്‍, അറബിയും ഒട്ടകവും പി മാധവന്‍ നായരും തുടങ്ങിയ മോഹന്‍ലാല്‍ - മുകേഷ് ചിത്രങ്ങള്‍ ആസ്വദിച്ച പ്രേക്ഷകര്‍ക്ക് ഒരു കോമഡി വിരുന്ന് തന്നെയായിരിക്കും പെരുച്ചാഴി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :