മകന്‍ വിജയശ്രീ ഹരിയെ തനിക്ക് വിട്ടുതരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടിട്ടും തന്റെ അച്ഛനും നടനുമായ വിജയകുമാറും ജ്യേഷ്ഠനും നടനുമായ അരുണ്‍ വിജയും മുന്‍ ഭര്‍ത്താവ് ആകാശും ചേര്‍ന്ന് മകനെ പിടിച്ചുവച്ചിരിക്കുകയാണെന്നും തനിക്ക് നീതി ലഭിക്കാത്തതിനാല്‍ മരണം വരെ ചെന്നൈ പൊലീസ് സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നിരാഹാരം അനുഷ്ഠിക്കാനാണ് തന്റെ തീരുമാനമെന്നും പഴ നടി വനിത. വെള്ളിയാഴ്ച രാത്രിയില്‍ വിരുഗംബാക്കം പൊലീസ് സ്റ്റേഷനിലേക്ക് വനിത പാഞ്ഞുകയറുകയും നിരാഹാരം അനുഷ്ഠിക്കാന്‍ വേണ്ടി പൊലീസ് സ്റ്റേഷനില്‍ ഇരിക്കുകയും ചെയ്തത് പൊലീസുകാരെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിരാഹാരം അനുഷ്ഠിക്കാന്‍ അനുവദിക്കില്ല എന്ന് പൊലീസ് അറിയിച്ചതിനാല്‍ വനിത തിരിച്ചുപോയെങ്കിലും വീണ്ടും നിരാഹാരത്തിനായി കമ്മീഷണര്‍ ഓഫീസിലേക്ക് പോകാനുള്ള പുറപ്പാടിലാണ്.
കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് വനിത മാതാപിതാക്കളുടെ വീട്ടില്‍ വന്നതുതൊട്ടാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ദീപാവലി കഴിഞ്ഞ് വനിതയും കുടുംബവും തിരിച്ചുപോകുമ്പോള്‍ മക്കളിലൊരാളെ തങ്ങളുടെ കൂടെ നിര്‍ത്തണമെന്ന് വിജയകുമാര്‍ പറഞ്ഞെങ്കിലും വനിതയുടെ ഭര്‍ത്താവ് അതിന് സമ്മതിച്ചില്ല. വാഗ്വാദത്തെ തുടര്‍ന്ന് ഇരുവര്‍ക്കും ഇടയില്‍ കയ്യാങ്കളി നടന്നുവെന്ന് പറയപ്പെടുന്നു. എന്തായാലും വിജയകുമാറും കുടുംബവും തന്നെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചുവെന്ന് വനിതയും വനിതയുടെ ഭര്‍ത്താവ് തങ്ങളെ മര്‍ദിച്ചുവെന്ന് വിജയകുമാറിന്റെ കുടുംബവും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ആളുകള്‍ കേട്ടാല്‍ അറയ്ക്കുന്ന തരം ആരോപണങ്ങളാണ് അച്ഛന്‍ വിജയകുമാറിനെതിരെ വനിതയും മകള്‍ വനിതയ്ക്കെതിരെ വിജയകുമാറും നടത്തിയത്.
നടന്‍ വിജയകുമാറിന്റെ ഭാര്യയും പഴയ കാല നടിയും വനിതയുടെ അമ്മയുമായ മഞ്ജുള ദുര്‍നടപ്പുകാരിയും വെള്ളമടിക്കാരിയും ആണെന്നും അച്ഛന്‍ കൂട്ടിക്കൊടുപ്പുകാരന്‍ ആണെന്നുമാണ് വനിത ആരോപിച്ചത്. തന്നെ ദുര്‍നടപ്പുകാരിയാക്കാന്‍ അച്ഛനും അമ്മയും കൂടി ശ്രമിച്ചുവെന്നും അതുകൊണ്ടാണ് വല്ലവിധേനെയും വീട്ടില്‍ നിന്ന് ഓടിപ്പോയി ആകാശിനെ താന്‍ വിവാഹം ചെയ്തതെന്നും വനിത വെളിപ്പെടുത്തിയിരുന്നു. ഇതിന് സമാനമായ ആരോപണങ്ങളാണ് വിജയകുമാറും ഭാര്യ മഞ്ജുളയും ചേര്‍ന്ന് വനിതയ്ക്കെതിരെ ഉയര്‍ത്തിയത്. തുടര്‍ന്ന് കേസ് കോടതിയിലുമെത്തി.
വിചാരണയെ തുടര്‍ന്ന് മഞ്ജുളയുടെ കൂടെ മകന്‍ വിജയശ്രീ ഹരിയെ അയയ്ക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും അമ്മയുടെ കൂടെ പോകാന്‍ മകന്‍ തയ്യാറായില്ല. അമ്മയ്ക്ക് എപ്പോഴും ക്ലബ്ബും മദ്യപാനവുമാണ് പണിയെന്നും അമ്മയും രണ്ടാനച്ഛനും വെള്ളമടിക്കാന്‍ ഇരിക്കുമ്പോള്‍ ഐസും വെള്ളവും കൊണ്ടുവയ്ക്കുന്ന പണിയാണ് തനിക്കെന്നും മകന്‍ വിജയശ്രീ ഹരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ജഡ്ജിയല്ല, ദൈവം തന്നെ ആവശ്യപ്പെട്ടാലും തന്നെ പീഡിപ്പിക്കുന്ന രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം താന്‍ പോകില്ലെന്നും വിജയശ്രീ ഹരി പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നാണ് വിരുഗംബാക്കത്തിലുള്ള ആകാശിന്റെ വീട്ടിലേക്ക് മകനെ കൊണ്ടുപോകാനായി വനിതാ പൊലീസിനൊപ്പം വെള്ളിയാഴ്ച വനിത ചെന്നത്. എന്നാല്‍ അമ്മയുടെ കൂടെ പോകുന്ന പ്രശ്നമില്ലെന്ന് പറഞ്ഞ് വിജയശ്രീ ഹരി വീട്ടിനുള്ളിലേക്ക് ഓടിക്കയറി. വിജയശ്രീ ഹരിക്ക് ഇഷ്ടമില്ലാത്തതിനാല്‍ എല്ലാവരും കൂടിയാലോചിച്ച് ഒരു തീരുമാനത്തിലെത്താം എന്ന് വനിതാ പൊലീസ് പറഞ്ഞതോടെ വനിത പൊട്ടിത്തെറിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുപോയ വനിത രാത്രി പതിനൊന്നരയോടെ വിരുഗംബാക്കം പൊലീസ് സ്റ്റേഷനിലേക്ക് നിരാഹാരം അനുഷ്ഠിക്കുന്നതിനായി പാഞ്ഞുകയറുകയായിരുന്നു. തന്റെ മകനെ വിട്ടുകിട്ടുന്നതുവരെ സിറ്റി കമ്മീഷണര്‍ ഓഫീസില്‍ നിരാഹാരം അനുഷ്ഠിക്കുമെന്നാണ് വനിത ഇപ്പോള്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.