ദിലീപിന്‍റെ ക്രിസ്മസ് ചിത്രം - ഇതാണോ വല്യ കാര്യം?

WEBDUNIA|
PRO
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിച്ചേക്കാം. പേരില്‍ ചില കാര്യങ്ങളൊക്കെയുണ്ട് എന്ന് സിനിമാക്കാരെങ്കിലും പറയും. ‘വെറുതെ ഒരു ഭാര്യ’ എന്ന പേരുകേട്ടാല്‍ ആ സിനിമ ഒന്നു കാണാന്‍ ആര്‍ക്കായാലും തോന്നില്ലേ? സിനിമ കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് നല്ല പേരിന്‍റെ ധര്‍മം. എന്തായാലും വെറുതെ ഒരു ഭാര്യയുടെ സംവിധായകന്‍ അക്കു അക്ബറിന്‍റെ പുതിയ ചിത്രത്തിനും രസകരമായ ഒരു പേരാണ് - ഇതാണോ വല്യ കാര്യം?

ദിലീപും കാവ്യാ മാധവനുമാണ് ‘ഇതാണോ വല്യ കാര്യ’ത്തിലെ ജോഡി. തമിഴ് നടന്‍ പ്രസന്ന ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രസന്നയുടെ ആദ്യ മലയാളചിത്രമാണ് ‘ഇതാണോ വല്യ കാര്യം?’. ജി എസ് അനിലാണ് തിരക്കഥയെഴുതുന്നത്.

ദിലീപിന്‍റെ ക്രിസ്മസ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിലീസ് ഡേറ്റ് ലക്‍ഷ്യം വച്ച് സെപ്റ്റംബര്‍ മധ്യത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും. അതേസമയം ചിത്രത്തിന്‍റെ പേരിന്‍റെ കാര്യത്തില്‍ സംവിധായകന്‍ അക്കു അക്ബറിന് രണ്ടഭിപ്രായമുണ്ടെന്നും കേള്‍ക്കുന്നു. വേറെ പല പേരുകളും സംവിധായകന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ദിലീപ് ഉള്‍പ്പടെ ഭൂരിപക്ഷം പേര്‍ക്കും ഇപ്പോള്‍ ഇട്ടിരിക്കുന്ന ടൈറ്റില്‍ ഇഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പേര് മാറില്ലെന്നാണ് സൂചന.

ഒരര്‍ത്ഥത്തില്‍ ഇതും സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഒരു ചിത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുകയും എന്നാല്‍ റിലീസ് ചെയ്യാന്‍ കഴിയാതെ പോകുകയും ചെയ്ത ഒരു ചിത്രം ഇപ്പോള്‍ റിലീസ് ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. വളരെ രസകരമായ ഒരു പ്രണയകഥയാണ് ഈ സിനിമയെന്ന് പറയാം.

ചാന്ദ്‌വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ ഘോഷ്‌, ഷിജോയ്‌ എന്നിവര്‍ ചേര്‍ന്നാണ് ‘ഇതാണോ വല്യ കാര്യം?’ നിര്‍മ്മിക്കുന്നത്. ഷാജി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം മോഹന്‍ സിത്താര. തൊടുപുഴ, എറണാകുളം, കന്യാകുമാരി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.

വാല്‍ക്കഷണം: ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ പേര് ‘ദേ.. ഇങ്ങോട്ടു നോക്ക്യേ’ എന്നായിരുന്നു. ആ സിനിമ കളിച്ച തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ ആരും നോക്കിയില്ല എന്നത് ചരിത്രം. അക്കു അക്ബറിന്‍റെ പുതിയ സിനിമ കണ്ട ശേഷം ‘ഇതാണോ വല്യ കാര്യം?’ എന്ന് പ്രേക്ഷകര്‍ തിരിച്ചു ചോദിക്കുമോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :