അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 ഡിസംബര്‍ 2025 (13:22 IST)
കെജിഎഫ് എന്ന വമ്പന്‍ ഹിറ്റിന് ശേഷം യാഷിനെ നായകനാക്കി ഗീതുമോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് : എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. 2026 മാര്‍ച്ച് 19ന് തന്നെ സിനിമ റിലീസ് ചെയ്യുമെന്നാണ് പോസ്റ്ററില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. റിലീസിന് 100 ദിവസങ്ങള്‍ക്ക് മുന്‍പായാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തെ ഗീതുമോഹന്‍ ദാസും യാഷും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയുമാണെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
രക്തം പറ്റിപിടിച്ചിരിക്കുന്ന ബാത്ത് ടബ്ബില്‍ മുഖം തിരിഞ്ഞ് ഇരിക്കുന്ന യാഷിന്റെ പരുക്കന്‍ ലുക്കാണ് പുതിയ പോസ്റ്ററിലുള്ളത്. ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമയായി ഒരുങ്ങുന്ന സിനിമയില്‍ വയലന്‍സിന് കുറവുണ്ടാകില്ലെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം രവി ബസ്രൂര്‍. ജോണ്‍ വിക്കിലെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ആക്ഷന്‍ ഡയറക്ടര്‍ ജെജെ പെറിയാണ് സിനിമയിലെ സ്റ്റണ്ട് കോറിയോഗ്രാഫര്‍.
യാഷും ഗീതുമോഹന്‍ദാസും ചേര്‍ന്ന് രചിച്ച സിനിമ ഇംഗ്ലീഷിലും കന്നഡയിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്,തമിഴ്,മലയാളം ഭാഷകളിലേക്ക് സിനിമ ഡബ്ബ് ചെയ്യപ്പെടും. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും കീഴില്‍ വെങ്കട്ട് കെ നാരായണയും യാഷും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.