'ഞാന്‍ വരണോ, ഞാന്‍ ശരിയാക്കി തരാം'; ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് മോശം അനുഭവം, വെളിപ്പെടുത്തി വിന്‍സി
ലഹരി ഉപയോഗിച്ച ആളില്‍ നിന്ന് തനിക്കു നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുന്നത് നേരില്‍ കണ്ടെന്നും വിന്‍സി പറഞ്ഞു
രേണുക വേണു|
Last Modified ചൊവ്വ, 15 ഏപ്രില്‍ 2025 (15:06 IST)
Vincy Aloshious
സഹതാരത്തില്‍ നിന്ന് തനിക്കു മോശം അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി നടി വിന്‍സി അലോഷ്യസ്. താന്‍ അഭിനയിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച നായക നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തി.
ലഹരി ഉപയോഗിച്ച ആളില്‍ നിന്ന് തനിക്കു നേരിട്ട് ദുരനുഭവം ഉണ്ടായെന്നും ആ സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുന്നത് നേരില്‍ കണ്ടെന്നും വിന്‍സി പറഞ്ഞു. പ്രശ്‌നം ഉണ്ടാക്കിയ ആളുകള്‍ ക്ഷമ പറഞ്ഞതുകൊണ്ടാണ് പിന്നീട് ആ സിനിമ സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി വെളിപ്പെടുത്തി. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് വിന്‍സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനയ്ക്കു പിന്നാലെ നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളും വിന്‍സി കേള്‍ക്കേണ്ടിവന്നു.
' കുറച്ചു ദിവസം മുന്‍പ് ലഹരി വിരുദ്ധ ക്യാംപയ്ന്‍ മുന്‍നിര്‍ത്തിക്കൊണ്ട് ചെയ്യുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. 'എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാന്‍ ഇനി സിനിമ ചെയ്യില്ല' എന്നാണ് പറഞ്ഞത്. ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ അവയ്‌ക്കെല്ലാം വന്ന കമന്റുകള്‍ വായിച്ചപ്പോഴാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നിയത്.
ചിലരുടെ കമന്റുകള്‍ വായിച്ചപ്പോള്‍ പലതരത്തിലുള്ള കാഴ്ചപ്പാടുകള്‍ ആണ് ആളുകള്‍ക്ക് ഈ ഒരു പ്രസ്താവനയോടുള്ളതെന്ന് എനിക്ക് മനസ്സിലായി. അതിന്റെ കാരണം ഞാന്‍ തന്നെ വ്യക്തമായി പറഞ്ഞാല്‍ ആളുകള്‍ക്ക് അതിനെപ്പറ്റി പല കഥകള്‍ ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. ഞാന്‍ ഭാഗമായ ഒരു സിനിമയുടെ പ്രധാന കഥാപാത്രമായിരുന്ന ആര്‍ട്ടിസ്റ്റ് ലഹരി ഉപയോഗിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നുമുണ്ടായ എക്‌സ്പീരിയന്‍സ് മോശമായിരുന്നു. അദ്ദേഹം ഇത് ഉപയോഗിച്ച് വളരെ മോശമായ രീതിയില്‍ എന്തുപറഞ്ഞാലും മനസ്സിലാകാത്ത രീതിയില്‍ എന്നോടും എന്റെ സഹപ്രവര്‍ത്തകയോടും പെരുമാറിയിട്ടുണ്ട്. മോശം എന്ന് പറയുമ്പോള്‍ ഞാന്‍ അത് വ്യക്തമാക്കാം. ഒരിക്കല്‍ എന്റെ ഡ്രസ്സിന്റെ ഷോള്‍ഡറിന് ഒരു ചെറിയ പ്രശ്‌നം വന്ന് അത് ശരിയാക്കാന്‍ പോയപ്പോള്‍ എന്റെ അടുത്ത് വന്നിട്ട് 'ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കി തരാം' എന്നൊക്കെ എന്നോട് പറഞ്ഞു. എല്ലാവരുടെയും മുന്നില്‍വെച്ച് എന്നോട് അങ്ങനെ മോശമായ രീതിയില്‍ പെരുമാറിയപ്പോള്‍ പിന്നീട് ആ സിനിമയുമായി സഹകരിച്ചു പോകാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം സിനിമ സെറ്റില്‍ വെച്ച് തന്നെ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു,' വിന്‍സി പറയുന്നു.