മലയാളത്തിൽ നിന്ന് നിരവധി കഥകൾ കേട്ടു, ഒന്നും ഇഷ്ടമായില്ല: വിജയ് സേതുപതി
ചുരുങ്ങിയ കാലത്തിനുള്ളില്‍ തമിഴകത്തും തെന്നിന്ത്യയിലും തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് വിജയ് സേതുപതി. നായകനെന്ന നിലയിലും വില്ലനെന്ന നിലയിലും സജീവമായ താരം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സജീവമാണ്. മലയാളത്തില്‍ 2019ല്‍ ചെയ്ത മാര്‍ക്കോനി മത്തായി എന്ന സിനിമ മാത്രമാണ് വിജയ് സേതുപതി ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് മലയാളത്തില്‍ സിനിമകള്‍ ചെയ്യാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
രേഖാ മേനോന് നല്‍കിയ അഭിമുഖത്തിലാണ് മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കാത്തതിന്റെ കാരണം താരം വ്യക്തമാക്കിയത്. മാര്‍ക്കോണി മത്തായിക്ക് ശേഷം നിരവധി കഥകള്‍ കേട്ടു. എന്നാല്‍ അവയൊന്നും ഇഷ്ടമായില്ല. പലരുടെയും അടുത്ത് നിന്ന് കഥകള്‍ കേള്‍ക്കും. ഞാന്‍ ഒക്കെ പറഞ്ഞാലും പിന്നീടവര്‍ വരാറില്ല. എന്തുകൊണ്ടാണെന്ന് അറിയില്ല. മലയാളം,തെലുങ്ക്,ഹിന്ദി ഭാഷകളില്‍ നിന്ന് നിരവധി കഥകള്‍ വരാറുണ്ട്. എന്നാല്‍ എനിക്ക് ഇഷ്ടപ്പെടുന്ന കഥകള്‍ ഇതുവരെ കിട്ടിയിട്ടില്ല. വിജയ് സേതുപതി പറഞ്ഞു.അതേസമയം അടുത്തിടെ മലയാളത്തില്‍ വന്ന തുടരും, കളങ്കാവല്‍ തുടങ്ങിയ സിനിമകള്‍ വളരെയധികം ഇഷ്ടമായെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.