1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Usha Haseena and Ansiba hassan against AMMA president Shweta Menon

അണിയറയിൽ ഒരുക്കിയത് മറ്റൊരു 'കേരള സ്റ്റോറി'! ശ്വേത മേനോനെതിരെ വർഗീയ ധ്രുവീകരണ ആരോപണവുമായി നടിമാർ

താരസംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ (AMMA) ഭരണപ്രതിസന്ധിയും ചേരിപ്പോരും വഷളാകുന്നു.

Shweta Menon, Usha haseena, AMMA Allegations, Ansiba Hasan,AMMA
കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ (AMMA) ഭരണപ്രതിസന്ധിയും ചേരിപ്പോരും  വഷളാകുന്നു. പ്രസിഡന്റ് ശ്വേത മേനോനും മുന്‍ ഭരണസമിതിക്കുമെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി നടിമാരായ മാലാ പാര്‍വതി, അന്‍സിബ ഹസന്‍, ഉഷ ഹസീന, മായാ വിശ്വനാഥ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. താരസംഘടനയായ അമ്മയെ  ബിജെപി അജണ്ടകള്‍ക്ക് അനുസൃതമായി ചലിപ്പിക്കാനും കലാകാരന്മാര്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും ശ്വേത മേനോന്റെ നേതൃത്വത്തില്‍ ശ്രമം നടന്നുവെന്ന ഞെട്ടിക്കുന്ന ആരോപണമാണ് മാലാ പാര്‍വതി ഉന്നയിച്ചത്.
 
അണിയറയില്‍ ഒരുങ്ങിയത് 'കേരള സ്റ്റോറി'
 
സംഘടനയ്ക്കുള്ളില്‍ മറ്റൊരു 'കേരള സ്റ്റോറി'ക്ക് സമാനമായ സ്‌ക്രിപ്റ്റ് സൃഷ്ടിക്കാന്‍ ശ്രമം നടന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാലാ പാര്‍വതി വെളിപ്പെടുത്തി. 'തട്ടമിടാത്ത, ജാതിമത ഭേദമില്ലാതെ അമ്പലങ്ങളില്‍ വരെ പോകുന്ന ഒരു മലപ്പുറംകാരിയായ മുസ്ലീം പെണ്‍കുട്ടി (അന്‍സിബ), അവളവിടെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നു എന്ന രീതിയിലുള്ള കഥകള്‍ ബോധപൂര്‍വം കെട്ടിച്ചമച്ചു. ഉത്തരേന്ത്യന്‍ വിപണി ലക്ഷ്യമിട്ടാണ് ലക്ഷ്മിപ്രിയയുടെ നേതൃത്വത്തില്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടന്നത്. കലാകാരന്മാര്‍ക്കിടയില്‍ ധ്രുവീകരണം നടത്തുന്നവരല്ല 'അമ്മ' ഭരിക്കേണ്ടത്,' മാലാ പാര്‍വതി തുറന്നടിച്ചു. കൂടാതെ, ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ നിന്ന് ശ്വേത മേനോന്റെ വിശ്വാസ്യതയില്‍ 15 കോടി രൂപ സംഘടനയ്ക്ക് ലഭ്യമാക്കാമെന്ന് ഒരു രാഷ്ട്രീയ നേതാവ് ഉറപ്പുനല്‍കിയതായും, അത്തരം രാഷ്ട്രീയ അജണ്ടകള്‍ സംഘടനയില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും നടിമാര്‍ വ്യക്തമാക്കി.ALSO READ: 'അമ്മ'യിൽ രാഷ്ട്രീയ-സാമ്പത്തിക അട്ടിമറി; ശ്വേത മേനോൻ ബിജെപിയിൽ നിന്ന് രണ്ട് കോടി വാങ്ങിയെന്ന് മാലാ പാർവതി; ബിജെപി നേതാവിന്റെ നിർണായക വീഡിയോ പുറത്തുവിട്ടു!
 
കമ്മിറ്റി വീണത് സാമ്പത്തിക ക്രമക്കേട് കാരണം; അന്‍സിബ ഹസന്‍
 
പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി താഴെപ്പോയത് ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ കാരണമാണെന്ന് അന്‍സിബ ഹസന്‍ ആരോപിച്ചു. ജനറല്‍ ബോഡിയില്‍ ഇവരുടെ സാമ്പത്തിക റിപ്പോര്‍ട്ട് പാസായിരുന്നില്ല. സാമ്പത്തിക ക്രമക്കേട് നേരിടുന്ന ഒരു കമ്മിറ്റിയെ എങ്ങനെയാണ് വീണ്ടും അഡ്‌ഹോക് കമ്മിറ്റിയായി നിലനിര്‍ത്താന്‍ ജനറല്‍ ബോഡിക്ക് സാധിക്കുകയെന്നും അന്‍സിബ ചോദിച്ചു. തന്നെ 'ജിഹാദി' എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ ആഭ്യന്തരമായി പരാതി നല്‍കിയിട്ടും പരിഹസിക്കുന്ന നിലപാടാണ് ശ്വേത മേനോന്‍ സ്വീകരിച്ചതെന്നും, നീതിക്കായി കോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് താനെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. കോടതിയുടെ വ്യക്തമായ ഉത്തരവില്ലാതെ ശ്വേത മേനോന്‍ 'അമ്മ' ഓഫീസില്‍ പ്രവേശിച്ചാല്‍ തടയുമെന്നും വാര്‍ത്താസമ്മേളനത്തിനെത്തിയ നടിമാര്‍ മുന്നറിയിപ്പ് നല്‍കി.
 
കുറുക്കുവഴിയിലൂടെ അധികാരം; ശ്വേതയ്ക്ക് അധികാരക്കൊതിയെന്ന് ഉഷ ഹസീന
 
പ്രത്യേക സാഹചര്യത്തിലാണ് സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെ എന്ന് എല്ലാവരും ആഗ്രഹിച്ചതെന്നും എന്നാല്‍ ശ്വേത മേനോനും സംഘവും കുറുക്കുവഴികളിലൂടെയാണ് 'അമ്മ'യുടെ നേതൃത്വത്തില്‍ എത്തിയതെന്നും നടി ഉഷ ഹസീന ആരോപിച്ചു. സംഘടനയില്‍ 'ഞാനാണോ വലുത് നീയാണോ വലുത്' എന്ന തര്‍ക്കമാണ് നടന്നത്. പ്രസിഡന്റും സെക്രട്ടറിയും തമ്മില്‍ കടുത്ത ഈഗോ ക്ലാഷ് നിലനിന്നിരുന്നു. അന്‍സിബയ്‌ക്കെതിരെ അനൂപ് ചന്ദ്രന്‍ മോശം വീഡിയോ ഇറക്കിയപ്പോള്‍, 'അങ്ങനെ തന്നെ വേണം, സന്തോഷമായി' എന്ന രീതിയിലാണ് ശ്വേത പ്രതികരിച്ചതെന്നും ഉഷ ഹസീന കുറ്റപ്പെടുത്തി. രമേഷ് പിഷാരടിയുമായുള്ള ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് പുറത്തുവിട്ട ശ്വേതയുടെ നടപടി ക്രിമിനല്‍ കുറ്റമാണെന്നും അവര്‍ പറഞ്ഞു.
 
പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെക്കുമെന്ന് പ്രഖ്യാപിച്ച ശ്വേത മേനോന്‍, പിന്നീട് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി തിരികെ വരാന്‍ ശ്രമിക്കുന്നതും രമേഷ് പിഷാരടിയുടെ രാജിയും കൂടിയായതോടെ മലയാള സിനിമാ ലോകത്തെ ഏറ്റവും വലിയ ആഭ്യന്തര കലഹത്തിലേക്കാണ് 'അമ്മ' സംഘടന ഇപ്പോള്‍ നീങ്ങുന്നത്.ALSO READ: ടിനി ടോമിനെ മാറ്റി നിർത്താൻ പോലും ശ്വേത മേനോൻ തയ്യാറായില്ല, സംരക്ഷിക്കാൻ വുമൺ കാർഡ് ഇറക്കി
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക