'മമ്മൂട്ടിക്കും മോഹൻലാലിനും അന്ന് അവാർഡ് തരാൻ മാനക്കേടുണ്ടായെങ്കിൽ ഗൗരിയിൽ നിന്ന് വാങ്ങാൻ എനിക്കും മാനക്കേടില്ല'; തുറന്നടിച്ച് ഉർവശി
പണ്ടൊരിക്കൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നിട്ടും തനിക്ക് അവാർഡ് നൽകിയത് കുഞ്ചാക്കോ ബോബൻ ആയിരുന്നു
രേണുക വേണു|
Last Modified വ്യാഴം, 26 ഫെബ്രുവരി 2026 (12:50 IST)
Urvashi
കഴിഞ്ഞ ദിവസം ഫിലിം ഫെയർ ആവാർഡ് സ്വീകരിച്ചിറങ്ങിയ നടി ഉർവശിയോട് ഒരു ഓൺലൈൻ മീഡിയ പ്രവർത്തകൻ ചോദിച്ച ചോദ്യം വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ചേച്ചിയെ പോലെ ഒരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് സന്തോഷത്തോടെ സ്വീകരിച്ചല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ദേഷ്യ പുറത്തുകാണിക്കാതെയായിരുന്നു ചോദ്യത്തോടുള്ള ഉർവശിയുടെ മറുപടി. കാമറയ്ക്ക് മുന്നിൽ ആരാണ് വലുതും ചെറുതുമെന്നും ആ കുട്ടിയും ആർട്ടിസ്റ്റ് തന്നെയല്ലേ എന്നായിരുന്നു താരത്തിന്റെ മറുപടി. ഇപ്പോള്‍ വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിൽ കൂടുതൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉർവശി.
പണ്ടൊരിക്കൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നിട്ടും തനിക്ക് അവാർഡ് നൽകിയത് കുഞ്ചാക്കോ ബോബൻ ആയിരുന്നു എന്നും തനിക്ക് അവാർഡ് തരാൻ പറ്റാത്ത രീതിയിൽ അവർക്ക് വല്ല മാനക്കേടും ഉണ്ടെങ്കിൽ ഗൗരിയെ പോലൊരാളിൽ നിന്നും അവാർഡ് വാങ്ങിക്കാൻ തനിക്ക് ഒരു മാനക്കേടുമില്ലെന്നും ഉർവശി പറഞ്ഞു.
"മുൻപൊരിക്കല്‍ ഒരു അവാർഡ് ദാന ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നിട്ടും എനിക്ക് അവാർഡ് തന്നത് ചാക്കോച്ചനാണ്. ഷീലാമ്മയ്ക്ക് അവാർഡ് കൊടുത്തപ്പോൾ അതേ മമ്മൂട്ടി കയറി വന്നു. എന്നിട്ട് എന്നെ ഇറങ്ങിപ്പാേകാൻ സമ്മതിച്ചില്ല. മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ഞാൻ വേണമായിരുന്നു താനും. മമ്മൂട്ടിക്കും മോഹൻലാലിനും എനിക്ക് അവാർഡ് തരാൻ പറ്റാത്ത രീതിയിൽ അവർക്ക് വല്ല മാനക്കേടും ഉണ്ടെങ്കിൽ ഗൗരിയെ പോലൊരാളിൽ നിന്നും അവാർഡ് വാങ്ങിക്കാൻ എനിക്കൊരു മാനക്കേടും ഇല്ല. അതിന്റെ പേരാണ് ഉർവശി"- താരം പറഞ്ഞു.
''ഗൗരിയെന്നയാൾക്ക് എനിക്ക് അവാർഡ് തന്നൂടെ... അങ്ങനെ ഫിലിം ഫെയറിന്റെ വല്ല പ്രോട്ടോക്കോളും ഉണ്ടോ. ഇന്ദ്രജിത്ത് എന്ന ആളാവാം കാരണം... രാവണന്റെ മോൻ ആയതു കൊണ്ട്. ഇന്ദ്രജിത്ത് കൂടെയാണ് എനിക്ക് അവാർഡ് തന്നത് ആ പേര് വന്നില്ല.. ആരാണ് ആ ചോദ്യം ചോദിച്ചത്? ആ ചോദ്യം ചോദിച്ചയാളെ എനിക്ക് അറിയണം"- ഉർവശി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിൽ ഫിലിംഫെയർ പുരസ്കാര നിശ നടന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഉർവശിയായിരുന്നു മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. നടൻ ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേർന്നായിരുന്നു ഉർവശിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചിരുന്നത്.