രേണുക വേണു|
Last Modified ശനി, 24 ജനുവരി 2026 (13:26 IST)
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന 'അറ്റ് ഹോം' പരിപാടിയിലേക്ക് നടൻ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം. ഒറ്റപ്പാലം പോസ്റ്റ് ഓഫീസിലേക്ക് അയച്ച ക്ഷണക്കത്ത് തപാൽ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ഉണ്ണി മുകുന്ദന് കൈമാറുകയായിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യവും കലയും ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേകമായി രൂപകൽപന ചെയ്ത ക്ഷണക്കത്ത് അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആണ് തയ്യാറാക്കിയത്.
രാഷ്ട്രപതിയുടെ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന്
ഉണ്ണി മുകുന്ദൻ പറഞ്ഞു. പരിപാടിക്ക് പങ്കെടുക്കുന്നതിൽ വളരേ ആവേശമുണ്ടെന്നും രാഷ്ട്രപതിയുടെ ക്ഷണക്കത്ത് ഏറെ ആദരവോടെ സ്വീകരിക്കുന്നുവെന്നും താരം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന മാ വന്ദേയാണ് ഉണ്ണി മുകുന്ദന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നരേന്ദ്ര മോദിയായി വേഷമിടുന്നത്. 400 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ എം വീർ റെഡ്ഡിയാണ് ചിത്രം നിർമിക്കുന്നത്. സിഎച്ച് ക്രാന്തി കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.