ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചു, മണിക്കൂറുകൾക്ക് ശേഷം സിനിമ- സീരിയൽ നടി സഞ്ചിത ഉഗാലെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ!
പ്രമുഖ ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ യുവനടി സഞ്ചിത ഉഗാലെയെ (30) മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ നലസോപാര ഈസ്റ്റിലെ വസതിയിലെ കിടപ്പുമുറിയില്‍ ഫാനില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ജൂണ്‍ 14ന് (ഞായറാഴ്ച) വൈകുന്നേരം ഏഴരയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
സഞ്ചിത മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം താമസിച്ചിരുന്നത്. വൈകുന്നേരം ഏറെ നേരമായിട്ടും സഞ്ചിത മുറിയില്‍ നിന്നും പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വസായ്-വിരാര്‍ മുന്‍സിപ്പല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
താരത്തിന്റെ പിതാവ് മച്ചിന്ദ്ര ഉഗാലെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അച്ചോളെ പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് (ADR) കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് പോലും താരം ഇന്‍സ്റ്റഗ്രാമില്‍ നൃത്തം ചെയ്യുന്ന റീല്‍ അപ്ലോഡ് ചെയ്തിരുന്നു. ഒരു സാധാരണ ദിവസത്തെ പോലെ ചിരിച്ചുല്ലസിച്ച് കണ്ട താരം തൊട്ടടുത്ത മണിക്കൂറുകളില്‍ ജീവിതം അവസാനിച്ചെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം കുറിക്കുന്നത്.
ഹിന്ദി മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേപോലെ ചുവടുറപ്പിച്ചു വരുന്നതിനിടയിലാണ് സഞ്ചിതയുടെ ഈ അപ്രതീക്ഷിത വിയോഗം. സി ഫൈവിലെ കള്‍ട്ട് ക്ലാസിക് പരമ്പരയായ 'കുങ്കും ഭാഗ്യ'യിലൂടെയാണ് സഞ്ചിത മിനി സ്‌ക്രീന്‍ ആരാധകര്‍ക്ക് പ്രിയങ്കരിയായത്. വിക്കി കൗശല്‍ നായകനായ ഛാവയില്‍ താരാബായി എന്ന കഥാപാത്രമായി അഭിനയിച്ചത് സഞ്ചിതയായിരുന്നു.മനോജ് ബാജ്‌പേയിയുടെ 'സൈലന്‍സ് 2' എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക: ടോള്‍ ഫ്രീ നമ്പറുകള്‍: 1056, 0471-2552056).