Last Updated:
വെള്ളി, 26 ഡിസംബര്‍ 2025 (17:25 IST)
ത്രില്ലറും കോമഡിയും ഹൊററും ഫീൽഗുഡും, അങ്ങനെ എല്ലാ കാറ്റഗറികളിലും മലയാള സിനിമ മികച്ച പ്രകടനം കാഴ്ചവെച്ച വർഷമായിരുന്നു 2025. സിനിമാ പ്രേമികൾക്കായി നിരവധി മികച്ച ചിത്രങ്ങളാണ് ഇക്കുറി തിയേറ്ററുകളിലെത്തിയത്. ചെറിയ മുതൽമുടക്കിൽ വലിയ
വാണിജ്യ നേട്ടങ്ങളുണ്ടാക്കിയ സിനിമകൾ എന്നതിനൊപ്പം പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമെല്ലാം ചുവടുറപ്പിച്ച വർഷം കൂടിയായിരുന്നു മലയാള സിനിമയെ സംബന്ധിച്ച് 2025.
2025ൽ മലയാള സിനിമാപ്രേമികൾ ഏറ്റെടുത്ത് മിന്നും വിജയം സ്വന്തമാക്കിയ ടോപ്പ് 3 സിനിമകൾ നോക്കാം.
1. ലോക: ചാപ്റ്റർ 1
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിൻ്റെ ബാനറിൽ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക;ചാപ്റ്റർ 1 ആയിരുന്നു 2025ൽ ഉയർന്ന ബോക്സ്ഓഫീസ് കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്ന്. കല്യാണി പ്രിയദർശന, നസ്ലൻ എന്നിവർ പ്രധാന കഥാപാത്രങ്ങായെത്തിയ ചിത്രം വിജയകരമായി നൂറ് ദിവസമാണ് തിയേറ്ററിൽ പൂർത്തിയാക്കിയത്.
കേരളത്തിൽ നിന്ന് മാത്രം 122.8 കോടിയാണ് ലോക നേടിയത്. തമിഴ്‌നാട്ടിൽ നിന്നും 24.65 കോടി രൂപയും കർണാടകയിൽ നിന്നും 14.70 കോടി രൂപയും ചിത്രം നേടി. തെലുങ്ക് മാർക്കറ്റിൽ നിന്ന് 13.57 കോടി വാരിക്കൂട്ടിയ സിനിമ ഉത്തരേന്ത്യയിൽ നിന്ന് നേടിയത് 7.58 കോടിയാണ്. വിദേശത്ത് നിന്ന് മാത്രം 119.9 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. വെറും 30 കോടി ബഡ്ജറ്റിൽ നിർമിച്ച ഈ ചിത്രത്തിന് ആഗോളതലത്തിൽ തന്നെ 303.86 കോടി രൂപയാണ് നേടാനായത്. മലയാളത്തിലെ നെറ്റ് കലക്ഷൻ 122.8 രൂപയും ഗ്രോസ് കളക്ഷൻ183.96 രൂപയുമാണ്. ഇന്ത്യൻ സിനിമയിലെ ഒരു ഫീമെയിൽ സെൻട്രിക് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് കൂടിയാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ കൂടാതെ മറാത്തി, ബംഗാളി ഭാഷകളിൽ ജിയോ ഹോട്ട്സ്റ്റാറിലും ചിത്രം പ്രദർശനം തുടരുന്നുണ്ട്. അഞ്ച് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിൻറെ ആദ്യ ഭാഗമായാണ് കള്ളിയങ്കാട്ടി നീലിയുടെ ഐതിഹ്യത്തിൽ നിന്നുയർന്ന ചന്ദ്ര എന്ന കഥാപാത്രമെത്തുന്നത്. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്.
2. തുടരും
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-ശോഭന എന്നിവരൊന്നിച്ച ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം യാതൊരു ഹൈപ്പുമില്ലാതെയായിരുന്നു തിയേറ്ററുകളിലെത്തിയത്.
ആഗോളതലത്തിൽ 235.38 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ നിന്ന് മാത്രം 118.6 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയിലെ ഗ്രോസ് കലക്ഷൻ 141. 58 രൂപയും വിദേശത്ത് നിന്ന് 93.8 കോടി രൂപയുമാണ് ചിത്രത്തിന് സ്വന്തമാക്കാനായത്. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലും തുടരും പ്രദർശിപ്പിച്ചിരുന്നു.
3. L2- എമ്പുരാൻ
ലൂസിഫർ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി എത്തിയ ചിത്രമായിരുന്നു എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആദ്യദിനം മുതൽ ബോക്‌സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്‌ചവച്ചത്.
266.81 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയത്. മലയാളത്തിൽ നിന്ന് മാത്രം 97.34 കോടി രൂപയും ഇന്ത്യയിലെ ഗ്രോസ് ലക്ഷൻ124.56 രൂപയുമാണ്. വിദേശത്ത് നിന്ന് മാത്രം142.25 കോടി രൂപയും ചിത്രം നേടി. സിനിമയുടെ തുടക്കത്തിൽ ചില വിവാദങ്ങൾ ആളിക്കത്തിയെങ്കിലും തിയേറ്ററുകളിൽ സൂപ്പർഹിറ്റായി ചിത്രം മാറിയിരുന്നു.