1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Tharun moorthy reveals Athimanoharam Movie genre

ആക്ഷൻ സിനിമയല്ല, കുടുംബ പശ്ചാത്തലമുള്ള പോലീസ് ഡ്രാമ; ‘അതിമനോഹരം’ സാധാരണ പോലീസ് സിനിമയെന്ന് തരുൺ മൂർത്തി

ചിത്രത്തിന്റെ ജേണറെ കുറിച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലാണ് സംവിധായകന്‍ മറുപടി നല്‍കിയിരിക്കുന്നത്.

Athimanoharam Movie
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അതിമനോഹരത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ആരാധകര്‍. തുടരും എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍- തരുണ്‍മൂര്‍ത്തി കൂട്ടുക്കെട്ട് ഒന്നിക്കുന്നതിനാല്‍ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മുകളിലുള്ളത്. ഇപ്പോഴിതാ തുടരും പോലെ ഒരു സിനിമയല്ല താന്‍ ഒരുക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ തരുണ്‍മൂര്‍ത്തി.
 
 ചിത്രത്തിന്റെ ജേണറെ കുറിച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലാണ് സംവിധായകന്‍  മറുപടി നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ സംവാദത്തിനിടെ ഒരു ആരാധകന്‍, 'തുടരും'നെക്കാള്‍ കൂടുതല്‍ ആക്ഷന്‍ രംഗങ്ങളുള്ള സിനിമയായിരിക്കുമെന്നാണ് കേള്‍ക്കുന്നതെന്നും അതാണ് എല്ലാവരുടെയും പ്രതീക്ഷയെന്നും പറഞ്ഞിരുന്നു. ഇതിനാണ് തരുണ്‍ മൂര്‍ത്തി മറുപടി നല്‍കിയത്. 'അതിമനോഹരം' ഒരു ആക്ഷന്‍ ഓറിയന്റഡ് സിനിമയല്ലെന്നും, 'തുടരും' സിനിമയുമായി സാമ്യമില്ലാത്തതിനാലാണ് ഈ പ്രോജക്ട് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ''താരതമ്യങ്ങള്‍ ഒഴിവാക്കുക'' എന്നായിരുന്നു സംവിധായകന്റെ  പ്രതികരണം.
 
ചിത്രം ഒരു ''പോലീസ് പ്രൊസീജറല്‍ ആന്‍ഡ് ഫാമിലി ഡ്രാമ'' ആണെന്നും തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. ചിത്രത്തില്‍ ടി എസ് ലവലജന്‍ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഏറെക്കാലത്തിന് ശേഷം താരത്തിന്റെ സമ്പൂര്‍ണ പോലീസ് കഥാപാത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 
 
മുമ്പ് 'L366' എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രത്തിന് വിഷു ദിനത്തിലാണ് 'അതിമനോഹരം' എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ പോലീസ് യൂണിഫോമില്‍ ശബരിമല തീര്‍ഥാടകരുടെ ഇടയില്‍ നില്‍ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ സിനിമയ്ക്ക് വലിയ ശ്രദ്ധ ലഭിച്ചിരുന്നു. 
 
ചിത്രത്തില്‍ മീര ജാസ്മിനാണ് നായികയായി എത്തുന്നത്. രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. ആശിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശിഖ് ഉസ്മാനാണ് നിര്‍മ്മാണം. ഷാജി കുമാര്‍ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്നു. 
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മമ്മൂട്ടി-നിതീഷ് സഹദേവ് ചിത്രം ആരംഭിക്കുന്നു; ഒപ്പം ജോജുവും സുരാജും