രേണുക വേണു|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (12:54 IST)
ചെന്നൈ: തമിഴ് സൂപ്പര്‍താരം സൂര്യയും സംവിധായകന്‍ വെങ്കി അറ്റ്ലൂരിയും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'വിശ്വനാഥ് ആന്റ് സണ്‍സ്' (Vishwanath & Sons) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടു.
ഒരു കുഞ്ഞിനെ കൈയ്യിലെടുത്ത് ചിരിച്ചുനില്‍ക്കുന്ന സൂര്യയുടെ ലുക്കാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. 'വ്യത്യസ്തമായ ഒരു പ്രണയം, ലക്ഷ്യബോധമുള്ള ഒരു കുടുംബം' എന്ന കുറിപ്പോടെയാണ് സൂര്യ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചത്. 'വാത്തി', 'ലക്കി ഭാസ്‌കര്‍' എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
മലയാളി താരം മമിത ബൈജു സൂര്യയുടെ നായികയായി എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിനുപുറമെ, നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം രവീണ ടണ്ടന്‍ ഒരു തമിഴ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
സൂര്യയുടെ മുന്‍കാല ഹിറ്റുകളായ 'ഗജിനി'യിലെ സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രത്തോട് സാമ്യമുള്ള രീതിയിലാണ് ഈ ചിത്രത്തിലെ കഥാപാത്രത്തെയും ഒരുക്കിയിരിക്കുന്നതെന്ന് സൂചനകളുണ്ട്. സിതാര എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2026 ജൂലൈയില്‍ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.