1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Surabhi Lakshmi about her childhood

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് സുരഭി മനസ് തുറന്നത്.

Surabhi Lakshmi
പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭിയുടെ അഭിനയത്തിന് പ്രത്യേക ആരാധകർ തന്നെയുണ്ട്. തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന സുരഭിയെയാണ് ഓഫ് സ്ക്രീനിൽ എപ്പോഴും ‍ജനം കണ്ടിട്ടുള്ളത്. രസകരമായി സംസാരിക്കാനുള്ള സുരഭിയുടെ മിടുക്ക് ഏവരും എ‌ടുത്ത് പറയാറുണ്ട്. തന്റെ ജനനത്തെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ സുരഭി ലക്ഷ്മി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് സുരഭി മനസ് തുറന്നത്.
 
കുട്ടിക്കാലത്ത് താൻ വലിയ വികൃതിയായിരുന്നെന്ന് സുരഭി പറയുന്നു. എന്നെ പോലെ ഒരു കുട്ടിയെ എനിക്ക് വളർത്താൻ പറ്റില്ലെന്ന് പറയാറുണ്ട്. എന്റെ അമ്മയ്ക്ക് നാലാമത്തെ ആളാണ് ഞാൻ. സൗദിക്കുട്ടി എന്നാണ് പറഞ്ഞ് കൊണ്ടിരുന്നത്. അച്ഛൻ സൗദി അറേബ്യയിൽ കുറേക്കാലം നിന്ന് വന്ന ആളാണ്. നാല് മക്കൾ അന്ന് അടുത്തൊന്നും ഉണ്ടായിരുന്നില്ല. എന്നെ വേണ്ട എന്നവർ തീരുമാനിച്ചു. പല നാടൻക്രിയകൾ നടത്തി.
 
അമ്മയാണെങ്കിൽ എന്നും തോ‌ട്ടിൽ ചാടാൻ പോകും. അരിയിടിക്കും. ഒരു ​ഗർഭിണി എന്തൊക്കെ ചെയ്യാൻ പാടില്ലയോ അതൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ ഏഴ് മാസം കഴിഞ്ഞപ്പോൾ അമ്മയ്ക്ക് തന്നെ കുറ്റബോധം തോന്നി. ഇനി വികാലാം​ഗമോ ബുദ്ധിക്ക് പ്രശ്നമോ വരുമോ എന്ന് അമ്മയ്ക്ക് തോന്നി. അത് കഴിഞ്ഞ് അമ്മ എന്നെ നല്ലത് പോലെ സ്നേഹിച്ചെന്നാണ് പറഞ്ഞു. അങ്ങനെയാണ് ഞാൻ ഉണ്ടാകുന്നത്.
  
ഇത് പോലെ കരച്ചിലുള്ള കു‌ട്ടി വേറെയില്ല. സഹിക്കാൻ പറ്റാത്ത ക്യാരക്ടർ. എന്റെ ചേച്ചിമാർക്കൊന്നും പഠിക്കാൻ പറ്റുന്നില്ല. അവരുടെ പുസ്തകം വലിച്ച് കീറും. ഞങ്ങളുടെ വീടിന്റെ തൊട്ടപ്പുറത്താണ് സ്കൂൾ. അവർ സ്കൂളിൽ നിന്നും ഉച്ചയ്ക്ക് വരുമ്പോഴേക്ക് എന്തെങ്കിലും വെക്കണമെങ്കിൽ എന്നെ എവിടെയെങ്കിലും ഇറക്കി വെക്കേണ്ടേ. ചേച്ചിമാർ അന്ന് ചെറുതാണ്. ഒരാൾ ആറിലും ഒരാൾ എട്ടിലും. ഇതിനെയങ്ങ് കൊന്നാലോ എന്ന് വരെ അവർക്ക് തോന്നി. ഇപ്പോൾ അവർക്ക് വലിയ തമാശയാണ്. അവി‌ടെയുള്ള ഒരു ഇടയുണ്ട്. അവിടെയിട്ട് കൊല്ലാൻ അവർ നോക്കിയെന്നും സുരഭി ചിരിയോടെ ഓർത്തു. പക്ഷെ അവരെന്നെ നല്ലത് പോലെ നോക്കിയിട്ടുണ്ടെന്നും സുരഭി ലക്ഷ്മി പറഞ്ഞു.
 
ഡ്രാമ ആർട്ടിസ്റ്റായിരുന്ന സുരഭി നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കരിയറിൽ ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് സുരഭി ശ്രദ്ധിക്കപ്പെടുന്നത്. എആർഎം എന്ന സിനിമയിൽ ടൊവിനോ തോമസിന്റെ നായികയായി സുരഭി എത്തി. സഹനടി വേഷം ചെയ്ത പലർക്കും ലഭിക്കാത്ത അവസരമാണ് സുരഭിക്ക് ലഭിച്ചത്. കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ വന്ന നടിയാണ് സുരഭി ലക്ഷ്മി.  
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
വാട്‌സ്ആപ്പ് തട്ടിപ്പിന് ഇരയായി; 45000 രൂപ നഷ്ടമായി, കാശില്ലാത്തതിനാല്‍ കൂടുതൽ കൊടുത്തില്ലെന്ന് അമൃത സുരേഷ്