അഭിറാം മനോഹർ|
Last Modified വ്യാഴം, 25 ഡിസംബര്‍ 2025 (17:19 IST)
ബോളിവുഡിലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ത്രില്ലര്‍ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം 3യില്‍ നിന്ന് നടന്‍
അക്ഷയ് ഖന്ന പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. പ്രതിഫലവുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളാണ് പിന്മാറ്റത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന.
2025ല്‍ പുറത്തിറങ്ങിയ ധുരന്ധര്‍ എന്ന സിനിമയില്‍ അക്ഷയ് ഖന്ന ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമ വലിയ വിജയമാവുകയും നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്ത സാഹചര്യത്തില്‍ അക്ഷയ് ഖന്നയുടെ കഥാപാത്രവും ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. താരത്തിന്റെ സ്റ്റാര്‍ വാല്യൂ ഉയരാനും ധുരന്ധര്‍ സിനിമയുടെ വിജയം ഇടയാക്കി. ഈ സാഹചര്യത്തില്‍ അക്ഷയ് ഖന്ന ശമ്പള പരിധി ഉയര്‍ത്തിയതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദൃശ്യം 3ലെ തന്റെ പ്രതിഫലം നിലവിലെ സ്റ്റാര്‍ വാല്യൂക്ക് അനുസൃതമായി പുനര്‍നിര്‍ണ്ണയിക്കണമെന്ന നിലപാടിലാണ് അക്ഷയ് ഖന്ന. പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന, കഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന താരമെന്ന നിലയില്‍, മുന്‍ ചിത്രങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം വേണമെന്നാണ് താരത്തിന്റെ നിലപാട്.ദൃശ്യം 2ല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച അക്ഷയ് ഖന്ന ദൃശ്യം 3ലും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ശമ്പളത്തിലും കഥാപാത്രത്തിന്റെ സ്‌ക്രീന്‍ പ്രെസന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നിര്‍മ്മാതാക്കളുമായി ധാരണയിലെത്താന്‍ സാധിക്കാതിരുന്നതോടെയാണ് താരം പദ്ധതിയില്‍ നിന്ന് പിന്മാറിയത്.
നിര്‍മ്മാണ സംഘമോ നടനോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും പ്രതിഫല ചര്‍ച്ചകളിലെ തര്‍ക്കമാണ് പ്രധാന കാരണമെന്ന സൂചനകളാണ് പുറത്തുവരുന്നത്.