'മരിക്കാനായി പ്രാർത്ഥിച്ചു, ശത്രുക്കൾ പോലും അവിടെ എത്തരുത്'; തിഹാർ ജയിൽ അനുഭവങ്ങൾ പങ്കുവെച്ച് നടി സന്ദീപ വിർക്

തന്റെ ശത്രുക്കള്‍ക്ക് പോലും തിഹാര്‍ ജയിലിലെ അവസ്ഥ ഉണ്ടാകരുതെന്നാണ് സന്ദീപ പറയുന്നത്.

Sandeepa virk, Jail life, Social media star, Cinema,personal experience
രേണുക വേണു| Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (11:03 IST)
തിഹാര്‍ ജയിലിലെ നരകതുല്യമായ ദിനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടിയും സോഷ്യല്‍ മീഡിയ താരവുമായ സന്ദീപ വിര്‍ക്. ആറ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായി നാല് മാസത്തോളം ജയില്‍വാസം അനുഭവിച്ച താരം തിഹാര്‍ ജയിലിലെ അനുഭവങ്ങള്‍ തന്നെ മാനസികമായും ശാരീരികമായും തകര്‍ത്തു കളഞ്ഞുവെന്ന് വെളിപ്പെടുത്തി. മരണത്തിനായി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നതായും സന്ദീപ പറഞ്ഞു.

തന്റെ ശത്രുക്കള്‍ക്ക് പോലും തിഹാര്‍ ജയിലിലെ അവസ്ഥ ഉണ്ടാകരുതെന്നാണ് സന്ദീപ പറയുന്നത്. 'മരണം വന്ന് എന്നെ കൊണ്ടുപോകണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. 500-ഓളം തടവുകാര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. തറയിലാണ് കിടന്നിരുന്നത്. അസഹനീയമായ ഭക്ഷണവും വൃത്തിഹീനമായ ശുചിമുറികളും വലിയ വെല്ലുവിളിയായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ തങ്ങളുടെ ദേഷ്യം തീര്‍ത്തിരുന്നത് തടവുകാരോടായിരുന്നു,' സന്ദീപ ഓര്‍ത്തെടുത്തു.

ജയിലില്‍ തന്നെ കാണാന്‍ മാതാപിതാക്കള്‍ എത്തുമ്പോഴായിരുന്നു ഏറ്റവും വലിയ സങ്കടമെന്ന് താരം പറയുന്നു. 'ഞാന്‍ കാരണം അവര്‍ക്ക് അവിടേക്ക് വരേണ്ടി വന്നതില്‍ വലിയ വിഷമം തോന്നി. അവരോട് ഞാന്‍ മാപ്പ് ചോദിച്ചു. എങ്കിലും അവര്‍ എന്നെ വിശ്വസിക്കുകയും എനിക്കൊപ്പം നില്‍ക്കുകയും ചെയ്തു,' സന്ദീപ കൂട്ടിച്ചേര്‍ത്തു. ജയില്‍ ജീവിതം തന്റെ ആരോഗ്യത്തെയും ബാധിച്ചുവെന്നും മറ്റൊരാളുടെ സഹായമില്ലാതെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായെന്നും താരം വെളിപ്പെടുത്തി.

സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആറ് കോടി രൂപ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് 2025 ഓഗസ്റ്റില്‍ ഇഡി സന്ദീപയെ അറസ്റ്റ് ചെയ്തത്. നാല് മാസത്തെ ജയില്‍ വാസത്തിന് ശേഷം ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നാണ് താരത്തിന് ജാമ്യം ലഭിച്ചത്.

മോഹന്‍ലാല്‍ ചിത്രം 'ശിക്കാര്‍', അജിത് ചിത്രം 'മങ്കാത്ത' തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് സന്ദീപ വിര്‍ക്. 'ഹണി ട്രാപ്പ് സ്‌ക്വാഡ്' എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :