നിഹാരിക കെ.എസ്|
Last Updated:
വ്യാഴം, 5 ജൂണ്‍ 2025 (09:54 IST)
നിരവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ആളാണ് ഛായാഗ്രാഹകനും സംവിധായകനുമായ രവി കെ ചന്ദ്രൻ. മണിരത്നം-കമൽ ഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തഗ് ലൈഫ് ആണ് ചന്ദ്രൻ അവസാനം ചെയ്ത സിനിമ. സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ കമൽ ഹാസന്റെയും മോഹൻലാലിന്റേയും അഭിനയത്തെ പുകഴ്ത്തി അദ്ദേഹം.
ഒരു നല്ല അഭിനേതാവ് കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ തങ്ങളുടെ പണി എളുപ്പമാകുമെന്നും കമൽ ഹാസന്റെയും മോഹൻലാലിന്റേയും കാര്യത്തിൽ അതാണ് സംഭവിക്കുന്നതെന്നും രവി കെ ചന്ദ്രൻ പറഞ്ഞു. ഇരുവരും കാമറയ്ക്ക് മുന്നിൽ നിൽക്കുന്ന സമയത്ത് ഗിമ്മിക്‌സിന്റെ ആവശ്യമില്ലെന്നും കണ്ണുകൾ കൊണ്ടാണ് അവർ അഭിനയിക്കുന്നതെന്നും ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ രവി കെ ചന്ദ്രൻ പറഞ്ഞു.
'നല്ലൊരു അഭിനേതാവ് കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ നമ്മുടെ പണി എളുപ്പമാകും. തഗ് ലൈഫിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. കമൽ സാർ കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ നമുക്ക് ഗിമ്മിക്സ് ഒന്ന് കാണിക്കേണ്ട ആവശ്യമില്ല. കണ്ണുകൾ കൊണ്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. മോഹൻലാലും അങ്ങനെ തന്നെയാണ്. ദൃശ്യത്തിൽ കാമറ അമിതമായി മൂവ് ചെയ്യുന്നത് നമുക്ക് കാണാനാകില്ല. അതിന്റെ ആവശ്യവുമില്ല അവിടെ. കാരണം മോഹൻലാലിന്റെ മുന്നിലേക്ക് കാമറ വെച്ച് കൊടുത്താൽ മതി, അദ്ദേഹം പെർഫോം ചെയ്തോളും', രവി കെ ചന്ദ്രൻ പറഞ്ഞു.
ഏഴാം അറിവ്, അഗ്നീപഥ്, ഗജിനി, മൈ നെയിം ഈസ് ഖാൻ തുടങ്ങി നിരവധി തമിഴ്, ഹിന്ദി, മലയാളം സിനിമകളിൽ പ്രവർത്തിച്ച ആളാണ് രവി കെ ചന്ദ്രൻ. യാൻ, ഭ്രമം തുടങ്ങി രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കമൽ ഹാസനെ കൂടാതെ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര തുടങ്ങിയവരാണ് തഗ് ലൈഫിലെ പ്രധാന കഥാപാത്രങ്ങളെ ആവതെറിപ്പിക്കുന്നത്.