അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ജനുവരി 2026 (11:53 IST)
കൊച്ചി: സംവിധായകന്‍ കൃഷാന്ത് ഒരുക്കുന്ന 'മസ്തിഷ്‌ക മരണം: എ ഫ്രാങ്കൈന്‍ബൈറ്റിംഗ് ഓഫ് സൈമണ്‍സ് മെമ്മറീസ്' മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നതില്‍ പിന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി രജീഷ വിജയന്‍. വ്യത്യസ്തങ്ങളായ സിനിമകള്‍ ഒരുക്കുന്നതില്‍ ശ്രദ്ധേയനായ കൃഷാന്ത് പുതുതായി ചെയ്യുന്ന സിനിമയുടെ മോഷന്‍ പോസ്റ്ററില്‍ ബോള്‍ഡ് ലുക്കിലാണ് രജീഷ വിജയന്‍ പ്രത്യക്ഷപ്പെടുന്നത്.
ആവാസവ്യൂഹം,പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ സംവിധായകനാണ് കൃഷാന്ത്. സൂപ്പര്‍ ഹിറ്റ് സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'ഗഗനചാരി'ക്ക് ശേഷം അജിത് വിനായക ഫിലിംസ് ഒരുക്കുന്നുവെന്ന പ്രത്യേകതയും മസ്തിഷ്‌കമരണത്തിനുണ്ട്. രജീഷ വിജയന്‍ ഇന്ന് വരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാകും മസ്തിഷ്‌കമരണത്തിലേത് എന്ന സൂചനയാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്നത്.
രജിഷ വിജയനെ കൂടാതെ നിരഞ്ജ് മണിയന്‍പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ശാന്തി ബാലചന്ദ്രന്‍, വിഷ്ണു അഗസ്ത്യ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രയാഗ് മുകുന്ദന്‍ ഛായാഗ്രഹണവും വര്‍ക്കി സംഗീതവും നിര്‍വ്വഹിക്കുന്നു.
വേറിട്ട കഥാപരിസരങ്ങളും പരീക്ഷണാത്മകമായ ശൈലിയും പിന്തുടരുന്ന കൃഷാന്തിന്റെ ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം മലയാള സിനിമയില്‍ പുതിയൊരു അനുഭവമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.