SS Rajamouli: താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് രാജമൗലി; സിനിമ കണ്ടാൽ അങ്ങനെ പറയില്ലല്ലോ എന്ന് സോഷ്യൽ മീഡിയ

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 18 നവം‌ബര്‍ 2025 (10:40 IST)
താൻ ദൈവ വിശ്വാസി അല്ലെന്ന് സംവിധായകൻ എസ് എസ് രാജമൗലി. സംവിധായകന്‍റെ ഈ വെളിപ്പെടുത്തല്‍ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണിപ്പോൾ. തന്‍റെ പുതിയ ചിത്രമായ 'വാരണാസി'യുടെ ലോഞ്ച് പരിപാടിയിലാണ് തന്‍റെ നിലപാട് പരസ്യമാക്കിയത്.

ഹിന്ദു പുരാണങ്ങളെ തന്‍റെ സിനിമകളിൽ സമന്വയിപ്പിക്കുന്നതിൽ വിദഗ്ധനായ രാജമൗലിയുടെ വെളിപ്പെടുത്തൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാൽ ദൈവ വിശ്വാസി അല്ലെന്ന് തോന്നില്ലെന്നും അത്രമേൽ ദൈവീകമായിട്ടാണ് അദ്ദേഹം സീനുകൾ ഷൂട്ട് ചെയ്യുന്നതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

'ഇത് എന്നെ സംബന്ധിച്ച് ഒരു വൈകാരിക നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്‍റെ അച്ഛൻ വന്ന് കാര്യങ്ങൾ പിന്നിൽ നിന്ന് ഹനുമാൻ സ്വാമി നോക്കിക്കൊള്ളും എന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം നോക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു. എന്‍റെ ഭാര്യക്കും ഹനുമാൻ സ്വാമിയോട് ഇഷ്ടമാണ്. അദ്ദേഹം അവളുടെ സുഹൃത്താണെന്ന രീതിയിലാണ് അവൾ പെരുമാറുന്നതും അദ്ദേഹവുമായി സംസാരിക്കുന്നതും. എനിക്ക് അവളോടും ദേഷ്യം വന്നു.

എന്‍റെ അച്ഛൻ ഹനുമാൻ സ്വാമിയെക്കുറിച്ച് സംസാരിക്കുകയും വിജയത്തിനായി അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിൽ ആശ്രയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു', രാജമൗലി കൂട്ടിച്ചേര്‍ത്തു.

'ആർആർആർ', 'ബാഹുബലി' തുടങ്ങിയ ചിത്രങ്ങൾ ഹിന്ദു പുരാണങ്ങളിൽ നിന്ന് വലിയ പ്രചോദനം ഉൾക്കൊണ്ടതാണ് എന്ന് പലരും ചൂണ്ടിക്കാട്ടി.

ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നത് രാജമൗലിയുടെ ഭാഗത്ത് നിന്ന് ശരിയായില്ല. അദ്ദേഹം എങ്ങനെയാണ് സിനിമയ്ക്ക് 'വാരണാസി' എന്ന് പേരിട്ടതും പുരാണ കഥാപാത്രങ്ങളെ ഉപയോഗിച്ചതും? ജനങ്ങൾക്ക് ഇത് വിഷമമുണ്ടാക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലേ? അദ്ദേഹത്തെ പോലെ നിലവാരമുള്ള ഒരാളിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :