രേണുക വേണു|
Last Modified തിങ്കള്‍, 16 മാര്‍ച്ച് 2026 (11:51 IST)
98-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ തിളങ്ങി നടി പ്രിയങ്ക ചോപ്ര. ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസിന്റെ കൂടെയായിരുന്നു പ്രിയങ്ക പുരസ്‌കാര വേദിയില്‍ എത്തിയത്. വൈറ്റ് നിറത്തിലുള്ള കസ്റ്റം ഡിയോർ ഗൗണായിരുന്നു പ്രിയങ്കയുടെ ഔട്ട്ഫിറ്റ്. കറുപ്പ് നിറത്തിലുള്ള സ്യൂട്ടായിരുന്നു നിക്ക് ധരിച്ചത്.
മോണോടോണ്‍ ഡിസൈനോട് കൂടിയ ഗൗണിന്റെ സ്ലിറ്റിന് ഫെതര്‍ ഡിസൈനാണ് നല്‍കിയത്. ഔട്ട്ഫിറ്റിനിണങ്ങുന്ന തരത്തിലുള്ള ഡയമണ്ട് ബള്‍ഗറി നെക്ലസും പ്രിയങ്ക സ്‌റ്റൈല്‍ ചെയ്തിരുന്നു. നാച്ചുറല്‍ മേക്കപ്പും നൂഡ് ലിപ്സ്റ്റിക്കുമാണ് താരം ഓസ്‌കര്‍ ലുക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വെള്ള നിറത്തിലുള്ള പ്രിയങ്കയുടെ വസ്ത്രധാരണം ഫാഷൻ ലോകത്തുള്ളവരുടെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ഓസ്‌കർ പുരസ്‌കാര വേദിയിൽ റെഡ് കാർപറ്റിൽ മാത്രമായിരുന്നില്ല പ്രിയങ്ക ചോപ്രയുടെ സാന്നിധ്യം. ഡോൾബി തിയേറ്ററിൽ മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കാൻ സ്പാനിഷ് നടൻ യാവിയർ ബാർഡെമിനൊപ്പം വേദിയിൽ എത്തിയത് പ്രിയങ്കയായിരുന്നു.
അതേസമയം സിന്നേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കൽ ബി ജോർദാന് മികച്ച നടനുള്ള ഓസ്കർ ലഭിച്ചു. ഹംനറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെസ്സി ബക്ലി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗണെയാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഓട്ടം ദുറാൾഡ് ആർകപോ, സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
'ദി സിംഗേഴ്‌സ്', 'ടു പീപ്പിള്‍ എക്സ്ചേഞ്ചിംഗ് സലൈവ' എന്നീ ചിത്രങ്ങൾ മികച്ച ലൈവ്-ആക്ഷന്‍ ഷോര്‍ട്ട് പുരസ്‌കാരങ്ങള്‍ നേടി. മികച്ച മേക്കപ്പ് & ഹെയര്‍സ്റ്റൈലിംഗ് വിഭാഗത്തില്‍ മൈക്ക് ഹില്‍, ജോര്‍ദാന്‍ സാമുവല്‍, ക്ലിയോണ ഫ്യൂറി തുടങ്ങിയവരും പുരസ്‌കാരം സ്വന്തമാക്കി. കേറ്റ് ഹാവ്‌ലി മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും നേടി.