രേണുക വേണു|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2026 (09:25 IST)
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ പ്രിയം എന്ന ഒരൊറ്റ സിനിമയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ നായർ. എന്നാല്‍ പ്രിയത്തിന് ശേഷം ദീപയെ മറ്റൊരു ചിത്രത്തിലും പ്രേക്ഷകർ കണ്ടില്ല. ഇപ്പോഴിതാ പ്രിയം സിനിമയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി.
ദീപാ നായര്‍ക്ക് സിനിമയില്‍ ആഗ്രഹിക്കാന്‍ താല്പര്യമുള്ളതു കൊണ്ട് ദീപാ നായരുടെ അച്ഛനാണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്നും തന്റെ അച്ഛനല്ല ഈ സിനിമ നിര്‍മിച്ചതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നത്.
തന്റെ അച്ഛൻ അല്ല പ്രിയം നിർമ്മിച്ചതെന്നും കെകെ നായർ സാർ ആയിരുന്നു എന്നും ദീപ പറയുന്നു. താൻ തീർത്തും അപ്രതീക്ഷിതം ആയിട്ടാണ് സിനിമയിലേക്ക് എത്തിയത്. അതും മഞ്ജിമ മോഹന്റെ അച്ഛനും ഛായാഗ്രാഹകനും ആയ വിപിൻ മോഹനും ഭാര്യയുമാണ് തന്നെ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത്, ആ സിനിമയിൽ മഞ്ജിമയും ഉണ്ടായിരുന്നു, താനും ഉണ്ടാകും എന്ന ഉറപ്പ് വിപിൻ അങ്കിൾ നല്കിയതുകൊണ്ടാണ് ധൈര്യമായി കുടുംബം സമ്മതിച്ചതെന്നും ദീപ പറഞ്ഞു.
"എന്റെ അച്ഛൻ അല്ല പ്രിയം നിർമിച്ചത്. ഞാൻ ഒരു സിനിമയിലേക്കും വരുന്നതിനെ കുറിച്ചോ, എനിക്ക് വേണ്ടിയുള്ള ഒരു വേഷമോ ഞാൻ അന്വേഷിച്ചിരുന്നില്ല. വാസ്തവത്തിൽ, അത് എന്റെ ശ്രദ്ധയിൽ തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ, പ്രപഞ്ചം എനിക്കായി ഒരു അവസരം നൽകി, അതിൽ വിപിൻ മോഹൻ അങ്കിളും ഗിരിജ ആന്റിയും ഭാഗമാണ്. ആ അനുഭവം എന്നെ സ്‌ക്രീനിൽ എത്തിക്കുക മാത്രമല്ല ചെയ്തത്; ഇന്നുവരെ അത് എനിക്ക് വളരെയധികം സ്‌നേഹവും വാത്സല്യവും നൽകി. 26 വർഷങ്ങൾക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോൾ, എന്റെ അച്ഛനും അമ്മയും എടുത്ത തീരുമാനത്തിന് ഞാൻ അവിശ്വസനീയമാംവിധം നന്ദിയുള്ളവളാണ്"- ദീപ പറഞ്ഞു.
നിലവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ് ദീപ. സോഫ്റ്റ് വെയർ എഞ്ചിനീയറായ രാജീവ് നായരെയാണ് ദീപ വിവാഹം
ചെയ്തിരിക്കുന്നതും. ഭർത്താവിനും മക്കളായ ശ്രദ്ധ, മാധവി എന്നിവർക്കൊപ്പം ഓസ്ട്രേലിയയിലെ മെൽബണിൽ ആണ് താരത്തിന്‍റെ താമസം.