രേണുക വേണു|
Last Modified വെള്ളി, 23 ജനുവരി 2026 (16:56 IST)
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ പ്രിയം എന്ന ഒരൊറ്റ സിനിമയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ നായർ. എന്നാല്‍ പ്രിയത്തിന് ശേഷം ദീപയെ മറ്റൊരു ചിത്രത്തിലും പ്രേക്ഷകർ കണ്ടില്ല. പ്രിയ എവിടെ പോയി... കല്യാണം കഴിഞ്ഞോ? പഠിക്കാനായി മറ്റു രാജ്യത്തേക്ക് പോയോ? മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ അഭിനയിക്കാത്തത്? തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് ദീപാ നായരെ തേടി എത്തിയത്. ഇപ്പോൾ താൻ സിനിമാ ലോകം വിടാനുണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടി ആരാധകർക്കുള്ള മറുപടിയുമായി എത്തിയിരിക്കുന്നത്.
വിദ്യാർഥിയായിരിക്കുന്ന സമയത്താണ് പ്രിയം എന്ന സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിൽ ചേരുകയായിരുന്നു. പഠനം മാറ്റിവെച്ച സിനിമ ചെയ്യാൻ മാത്രം നല്ല ഓഫറുകളൊന്നും തനിക്കന്ന് വന്നിരുന്നില്ല എന്നും. പഠനത്തിനാണ് താനും പാരന്റ്സും പ്രാധാന്യം നൽകിയത് എന്നും ദീപ പറയുന്നു.
"പ്രിയം കഴിഞ്ഞ് രണ്ടു മൂന്നു ഓഫറുകൾ എനിക്ക് വന്നിരുന്നു. ഞാനന്ന് എഞ്ചിനീയറിങിന് പഠിക്കുകയായിരുന്നു. എഞ്ചിനീയറിങ് പഠനം ഒഴിവാക്കി പോയി അഭിനയിക്കാൻ മാത്രം അത്ര നല്ല ഓഫറുകൾ അല്ലായിരുന്നു അവ.
അങ്ങനെ ഞാനും അച്ഛനും അമ്മയും കൂടി ആദ്യം പഠനം പൂർത്തിയാക്കട്ടെ എന്ന തീരുമാനത്തിൽ എത്തി. അതു കഴിഞ്ഞ് നല്ല റോളുകൾ വല്ലതും വന്നാൽ ചെയ്യാം എന്ന് കരുതി. പക്ഷേ പിന്നീട് ഓഫറുകൾ ഒന്നും വന്നില്ല.
അന്ന് സോഷ്യൽ മീഡിയ ഇത്ര ആക്റ്റീവ് അല്ലല്ലോ. നവ്യാ നായർ, മീരാ ജാസ്മിൻ, ഭാവന തുടങ്ങിയ വൻ താര നിര മലയാളത്തിൽ തിളങ്ങി നിൽക്കുന്ന സമയം കൂടി ആയിരുന്നു അന്ന്. ഇങ്ങനെ ഒരാൾ ഉണ്ടെന്ന് ആളുകൾ മറന്നുപോയി. അതാണ് സംഭവിച്ചത്... പഠിത്തം കഴിഞ്ഞ് എനിക്ക് പുറത്തുപോവണം എന്നുണ്ടായിരുന്നു. മെൽബൺ യൂണിവേഴ്സിറ്റിയിൽ വന്നു മാസ്റ്റേഴ്സ് ചെയ്തു. പിന്നെ ജോലിയുമായി അങ്ങ് തിരക്കായി... " ദീപ പറയുന്നു
നിലവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ് ദീപ. സോഫ്റ്റ് വെയർ എഞ്ചിനീയറായ രാജീവ് നായരെയാണ് ദീപ വിവാഹം
ചെയ്തിരിക്കുന്നതും. ഭർത്താവിനും മക്കളായ ശ്രദ്ധ, മാധവി എന്നിവർക്കൊപ്പം ഓസ്ട്രേലിയയിലെ മെൽബണിൽ ആണ് താരത്തിന്‍റെ താമസം.