രേണുക വേണു|
Last Modified ശനി, 27 ഡിസംബര്‍ 2025 (12:48 IST)
Sarvam Maya: മലയാള സിനിമയില്‍ ക്രിസ്മസ്
റിലീസായി എത്തിയ നിവിന്‍ പോളി ചിത്രമായ സര്‍വം മായയെ ഏറ്റെടുത്ത് ആരാധകര്‍. ഏറെക്കാലത്തിന് ശേഷം നിവിന്‍ പോളി തന്റെ മുഴുവന്‍ ഫോമിലേക്ക് തിരിച്ചെത്തിയ സിനിമയെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതായാണ് കണക്കുകള്‍ കാണിക്കുന്നത്.
ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോളതലത്തില്‍ ഏകദേശം 12.65 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ സിനിമ 2 ദിവസത്തിനകം സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് 8.6 കോടി രൂപയും വിദേശ വിപണികളില്‍ നിന്ന് ഏകദേശം 4.05 കോടി രൂപയുമാണ് ചിത്രം നേടിയത്. റിലീസ് ദിനത്തില്‍ തന്നെ 3.35 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ നേടിയ ചിത്രം, രണ്ടാം ദിവസത്തില്‍ അത് 3.85 കോടി രൂപയിലേക്ക് ഉയര്‍ത്തി. വലിയ പ്രമോഷനില്ലാതെയാണ് എത്തിയതെങ്കിലും നിവിന്‍ പോളി ഫാക്ടര്‍ സിനിമയില്‍ ഫലപ്രദമായെന്നാണ് പ്രേക്ഷകപ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ഹൊറര്‍-കോമഡി ചിത്രം ഫയര്‍ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇരുവരും ഒന്നിക്കുന്ന പത്താമത്തെ സിനിമയാണ്. ജനാര്‍ദ്ദനന്‍, രഘുനാഥ് പാലേരി, മധു വാര്യര്‍, അല്‍ത്താഫ് സലീം, പ്രീതി മുഖുന്ദന്‍ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്.