രേണുക വേണു|
Last Modified വെള്ളി, 26 ഡിസംബര്‍ 2025 (12:19 IST)
കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി പുറത്തിറങ്ങിയ ഫാന്റസി-ഹോറര്‍ കോമഡി ചിത്രമായസര്‍വം മായയ്ക്ക് ബോക്സ് ഓഫിസില്‍ ശ്രദ്ധേയമായ തുടക്കം.ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ആദ്യ ദിനത്തില്‍ ചിത്രം 4 കോടിയിലധികം ഇന്ത്യയില്‍ നിന്ന് നെറ്റ് കളക്ഷനായി നേടിയതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
260 പുതിയ ഷോകള്‍ ആഡ് ചെയ്ത സിനിമ മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വം' നേടിയ ആദ്യദിന കളക്ഷനെ മറികടന്നുകഴിഞ്ഞു. ഫാന്റസി-ഹോറര്‍ ഘടകങ്ങള്‍, നിവിന്‍-അജു കൂട്ടുകെട്ടിന്റെ തമാശ നിറഞ്ഞ രംഗങ്ങള്‍ എന്നിവയ്‌ക്കൊപ്പം പ്രേക്ഷകര്‍ മിസ് ചെയ്തിരുന്ന നിവിന്‍ പോളിയെ സ്‌ക്രീനില്‍ കാണാം കഴിഞ്ഞു എന്നതെല്ലാമാണ് സിനിമയെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാക്കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും ചിത്രത്തെക്കുറിച്ച് സജീവമായ ചര്‍ച്ചകളാണ് നടക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ആഗ്രഹിച്ച രീതിയില്‍ നിവിന്‍ പോളിയെ വീണ്ടും കാണാനായതായി പ്രേക്ഷകര്‍ പറയുന്നു. നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലീം, പ്രീതി മുകുന്ദന്‍ എന്നിങ്ങനെ വലിയ താരനിരയും സിനിമയിലുണ്ട്.