രേണുക വേണു|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2025 (16:31 IST)
സൂപ്പർഹിറ്റുകളുടെ വർഷമായിരുന്നു മലയാള സിനിമയെ സംബന്ധിച്ച് 2025. വർഷാവസാനമായപ്പോൾ
സർവ്വം മായ എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നിറഞ്ഞാട്ടമാണ് തിയേറ്ററുകളിൽ. ആറ് വർഷങ്ങൾക്ക് ശേഷമെത്തുന്ന നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രമാണ് അഖിൽ സത്യൻ്റെ സംവിധാനത്തിലൊരുങ്ങിയ സർവ്വം മായ. ക്രിസ്മസ് ദിനത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ എട്ട് കോടിയോളം രൂപയുടെ ആഗോള കളക്ഷൻ നേടി. ഇപ്പോഴിതാ 50 കോടി ക്ലബ്ബിലേക്ക് എത്തിയിരിക്കുകയാണ് ചിത്രം. ഇതേ രീതി തുടർന്നാൽ നൂറ് കോടി ക്ലബിലേക്കുള്ള സർവ്വം മായയുടെ ദൂരം വളരെ കുറവു തന്നെ.
2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയുടെ കരിയറിലെ ഹിറ്റ് ചിത്രമാണ് സർവ്വം മായ. ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയെ കാണാനായി എന്നത് തന്നെയാണ് സർവ്വം മായയെ കൂടുതൽ ജനപ്രിയമാക്കുന്നതും.
2015ൽ അൽഫോൺസ് പുത്രൻ്റെ പ്രേമം മലയാള്തതിലും തമിഴിലും ഹിറ്റായി മാറിയതോടെ സൂപ്പർ സ്റ്റാർ പട്ടമായിരുന്നു നിവിന് ആരാധകർ കരുതിവെച്ചത്. വടക്കൻ സെൽഫിയിലെ ഉമേശായും, ആക്ഷൻ ഹീറോ ബിജുവിലെ ബിജു പൗലോസെന്ന പൊലീസ് ഒഫീസറായും, ജേക്കബിൻ്റെ സ്വർഗരാജ്യത്തിലെ ജെറിയായും ലൗ ആക്ഷൻ ഡ്രാമയിലെ ദിനേശനായും ഒക്കെ തിയേറ്ററുകളിൽ നർമ്മം പകർത്തിയാടിയ നിവിന്റെ യാത്ര കയറ്റിറക്കങ്ങൾ കൂടി നിറഞ്ഞതായിരുന്നു.
സഖാവ്, ഹേയ് ജൂഡ്, മൂത്തോൻ തുടങ്ങിയ ചിത്രങ്ങൾ നിവിൻ്റേതായി പുറത്തിറങ്ങിയെങ്കിലും ബ്ലോക്ബസ്റ്റർ ഹിറ്റ് എന്നത് നിവിന് അന്യമായി തുടർന്നു. 2021ൽ ഒടിടി റിലീസായി പുറത്തിറങ്ങിയ കനകം കാമിനി കലഹം നിവിൻ്റെ അഭിനയമികവ് വ്യക്തമാക്കിയെങ്കിലും കാര്യമായി ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. മഹാവീര്യർ, പടവെട്ട്, സാറ്റർഡേ നൈറ്റ്, രാമചന്ദ്ര ബോസ് ആൻഡ് കോ, തുറമുഖം, എന്നീ സിനിമകൾ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. 2024ൽ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലൂടെ നിവിൻ്റെ തിരിച്ചുവരവിൻ്റെ സൂചനകൾ നൽകിയിരുന്നുവെങ്കിലും ചിത്രത്തിനും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.
ശേഷമായിരുന്നു 2025 ക്രിസ്മസ് റിലീസായി സർവ്വം മായ തിയേറ്ററുകളിലെത്തുന്നത്. അജു വർഗീസ്-നിവിൻ പോളി കൂട്ടുകെട്ടിലെത്തുന്ന പത്താമത്തെ ചിത്രമെന്നതിനോടൊപ്പം നിവിൻ പോളിയുടെ മേക്കോവറും റിലീസുമെല്ലാം ആരാധകർക്ക് സർവ്വം മായ കാത്തിരിപ്പിൻ്റെ കൂടി കാരണമായി.