അഭിറാം മനോഹർ|
Last Modified ഞായര്‍, 4 ജനുവരി 2026 (17:55 IST)
മലയാളികള്‍ക്ക് എപ്പോഴും അയലത്തെ വീട്ടിലെ പയ്യനെ പോലെയാണ് നിവിന്‍ പോളി. നമുക്ക് അടുത്തറിയാവുന്ന ഒരാള്‍ എന്ന ഈ ഇമേജാണ് കുടുംബപ്രേക്ഷകര്‍ക്കും താരത്തെ പ്രിയപ്പെട്ടവനാക്കിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹിറ്റുകളൊന്നുമില്ലെങ്കിലും നിവിന്റെ കംഫര്‍ട്ട് സോണില്‍ ഒരു സിനിമ ഇറങ്ങിയപ്പോള്‍ യാതൊരു വിധ പ്രമോഷനുകള്‍ ഇല്ലാതിരുന്നിട്ടും തിയേറ്ററുകള്‍ നിറഞ്ഞിരുന്നു.ഫീല്‍ഡ് ഔട്ടായെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു സര്‍വം മായക്ക് തിയേറ്ററുകളില്‍ ലഭിക്കുന്ന സ്വീകരണം.
റിലീസ് ചെയ്ത് പത്താം നാള്‍ നൂറ് കോടി ക്ലബിലെത്തിയിരിക്കുകയാണ് സിനിമ. കൂടെ ഇറങ്ങിയ സിനിമകള്‍ പരാജയപ്പെടുകയും അടുത്തൊന്നും മറ്റ് റിലീസുകള്‍ ഇല്ലാതെയിരുന്നതും സര്‍വം മായക്ക് അനുകൂലമായിരുന്നു. അതേസമയം പ്രേക്ഷകര്‍ക്ക് തന്നോട് ഇത്രയും സ്‌നേഹമുണ്ടെന്ന് കരുതിയിരുന്നില്ലെന്നാണ് സിനിമയുടെ വിജയത്തെ പറ്റി നിവിന്‍ പോളി പ്രതികരിച്ചത്. സര്‍വം മായ കണ്ട ശേഷം തന്റെ അമ്മ വിളിച്ച കാര്യത്തെ പറ്റിയും നിവിന്‍ മനസ്സ് തുറന്നു.
സര്‍വം മായ തിയേറ്ററില്‍ പോയി കണ്ടിറങ്ങിയ ശേഷം മോനെ, നിന്നെ ആളുകള്‍ ഇത്രയും സ്‌നേഹിക്കുന്നുണ്ട്പ്പ്, എനിക്ക് പോലും വിശ്വസിക്കാനാവുന്നില്ല എന്നാണ് പറഞ്ഞത്. ഇതൊന്നും ചെറിയ കാര്യമായി കരുതാനാകില്ല. പ്രേക്ഷകരുടെ ഈ സ്‌നേഹത്തിനും കരുതലിനും മുന്നില്‍ ഞാന്‍ കൈകൂപ്പുന്നു. ഇനിയും അവരെ സന്തോഷിപ്പിക്കുന്ന സിനിമകള്‍ ചെയ്ത് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. പ്രേക്ഷകരെ മറന്നൊരു കളിക്കും ഞാനില്ല. നിവിന്‍ പോളി പറഞ്ഞു.