തൊണ്ണൂറുകളിലെ മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ, എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത സംവിധായകൻ എസ്.പി.വെങ്കടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

SP Venkatesh, Death, S.P. Venkatesh's musical contributions to Malayalam cinema,
അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (12:58 IST)
മലയാള സിനിമയുടെ സുവര്‍ണകാലഘട്ടമായ 1980കളുടെ അവസാനവും 1990കളിലും മലയാളി പ്രേക്ഷാകരുടെ ഹൃദയം സംഗീതം കൊണ്ട് കീഴടക്കിയ പ്രിയ സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1985ല്‍ ജനകീയ കോടതി എന്ന സിനിമയിലൂടെ അരങ്ങേറിയ എസ് പി വെങ്കിടേഷ് രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ സജീവമായത്.

'രാജാവിന്റെ മകന്‍', 'കിലുക്കം', 'സ്പടികം', 'മിന്നാരം', 'ഇന്ദ്രജാലം', 'ധ്രുവം', 'ഹിറ്റ്ലര്‍' തുടങ്ങിയ സിനിമകളില്‍ അവിസ്മരണീയ ഗാനങ്ങളും പശ്ചാത്തല സംഗീതവും സൃഷ്ടിച്ച കലാകാരനായിരുന്നു അദ്ദേഹം. പഴനിയെന്ന പ്രശസ്ത മാന്‍ഡോലിന്‍ വാദകന്റെ മകനായാണ് വെങ്കടേഷ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ ഗിറ്റാര്‍, ബാഞ്ചോ, മാന്‍ഡോലിന്‍ എന്നിവയില്‍ പ്രാവീണ്യം നേടിയ വെങ്കടേഷ് സംഗീത സംവിധായകന്മാരായ ശ്യാമിന്റെയും രവീന്ദ്രന്റെയും സഹായിയായി കരിയര്‍ ആരംഭിച്ചു. സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെയും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെയും പിന്തുണയോടെ 1986-ല്‍ 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി.

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ 'രാജാവിന്റെ മകന്‍' വെങ്കടേഷിന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവായി മാറി. ഉണ്ണി മേനോന്‍, ലതിക എന്നിവര്‍ ആലപിച്ച 'വിണ്ണിലെ ഗന്ധര്‍വ വീണ', 'ദേവാംഗനെ', 'പാടാം ഞാനാ ഗാനം' തുടങ്ങിയ ഗാനങ്ങള്‍
അന്നത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി. പിന്നീട് മലയാളത്തില്‍ എസ് പി വെങ്കടേഷിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.1990കളില്‍ മലയാള സിനിമയുടെ പ്രമുഖ സംഗീത സംവിധായകന്മാരില്‍ ഒരാളായി വെങ്കടേഷ് ഉയര്‍ന്നു.

1991ല്‍ പ്രിയദര്‍ശന്റെ കിലുക്കം എന്ന സിനിമയില്‍ എസ് പി വെങ്കടേഷ് ഒരുക്കിയ ഗാനങ്ങളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.1994ല്‍ മിന്നാരത്തിലെ ഗാനങ്ങളും വലിയ ഹിറ്റായി മാറി.മോഹന്‍ലാല്‍ അഭിനയിച്ച 'സ്പടികം' (1995), 'ഇന്ദ്രജാലം' എന്നീ ചിത്രങ്ങളിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറുകളും വലിയ രീതിയില്‍ ശ്രദ്ധ നേടി


വെങ്കടേഷിന്റെ സംഗീതത്തിന്റെ പ്രധാന സവിശേഷത അതിന്റെ ലാളിത്യവും ഭാവസാന്ദ്രതയുമായിരുന്നു. ഗിറ്റാറിന്റെയും വയലിന്‍ ഓര്‍ക്കസ്ട്രയുടെയും വിപുലമായ ഉപയോഗം അദ്ദേഹത്തിന്റെ ഒരു സിഗ്‌നേച്ചര്‍ ആയിരുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയുമായി സമകാലിക താളങ്ങള്‍ സമന്വയിപ്പിക്കുന്നതില്‍ അദ്ദേഹം മുന്‍നിരക്കാരനായിരുന്നു.

കെ.ജെ.യേശുദാസ്, എം.ജി.ശ്രീകുമാര്‍, എസ്.പി.ബാലസുബ്രഹ്‌മണ്യം, കെ.എസ്.ചിത്ര, ഉണ്ണി മേനോന്‍ തുടങ്ങിയ പ്രമുഖ ഗായകരുമായുള്ള സഹകരണം വെങ്കടേഷിന്റെ സംഗീത യാത്രയെ സമ്പന്നമാക്കി. യേശുദാസിനെ തന്റെ 'ഗോഡ്ഫാദര്‍' എന്നും 'മെന്ററായി' അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.

സുരേഷ് ഗോപി, ജയറാം അഭിനയിച്ച ജയരാജ് സംവിധാനം ചെയ്ത 'പൈതൃകം' എന്ന ചിത്രത്തിലെ സംഗീതത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. 'കൗരവര്‍', 'മന്ത്രികം', 'നായര്‍ സാബ്', 'ജോണി വാക്കര്‍', 'ഹിറ്റ്ലര്‍', 'വാത്സല്യം', 'കിഴക്കന്‍ പത്രോസ്', 'നമ്പര്‍ 20 മദ്രാസ് മെയില്‍', 'പത്രം' തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയില്‍ മായത്ത മുദ്ര പതിപ്പിക്കാന്‍ എസ് പി വെങ്കിടേഷിനായി. മലയാളത്തിനുപുറമെ തമിഴ്, കന്നഡ, ബംഗാളി ചിത്രങ്ങളിലും സംഗീതം നല്‍കി. ഒറിയ ചലച്ചിത്ര രംഗത്തും അദ്ദേഹം സജീവമായിരുന്നു.

1980കളുടെ അവസാനവും 1990കളും മലയാള സിനിമയുടെ പ്രധാന ഘടകമായിരുന്നു വെങ്കടേഷിന്റെ സംഗീതം. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇന്നും എഫ്എം ചാനലുകളിലും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ദശലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ടവയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :