"അന്നത്തെ പരിപാടിക്ക് പോയില്ലെങ്കിൽ സുബി ഇപ്പോഴും ജീവനോടെ ഉണ്ടായേനേ"; വികാരാധീനയായി അമ്മ

"കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് 2023 ഫെബ്രുവരി 22നാണ് സുബി മരണപ്പെടുന്നത്"

subi suresh, actress subi, anchor subi suresh, സുബി സുരേഷ്, നടി സുബി, അവതാരക സുബി സുരേഷ്
രേണുക വേണു| Last Updated: ശനി, 14 ഫെബ്രുവരി 2026 (12:37 IST)
subi suresh
നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷിന്റെ ഓർമകളിൽ വികാരാധീനയായി അമ്മ അംബിക. അമൃത ടിവിയിലെ 'അമ്മയും മകളും' എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് സുബിയുടെ ഓർമകള്‍ അമ്മ പങ്കുവെച്ചത്. അന്നത്തെ ജാർഖണ്ഡ് പരിപാടിയ്ക്ക് പോയില്ലായിരുന്നെങ്കിൽ സുബി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. എത്ര പണം ചിലവായാലും പ്രശ്നമില്ല അവളെ തിരിച്ചുകിട്ടിയാൽ മതി എന്നേ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ തനിക്ക് അവളെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് അമ്മ പറയുന്നു.

"അന്നത്തെ ആ ജാർഖണ്ഡ് പരിപാടിയ്ക്ക് പോയില്ലായിരുന്നെങ്കിൽ സുബി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു എന്നാ ഞാൻ കരുതുന്നത്. സുബിയുടെ കണ്ണിലെ മഞ്ഞനിറം കണ്ട് പരിശോധിച്ചപ്പോൾ ബിലിറൂബിൻ ലെവൽ 4.8 ആയിരുന്നു. എന്നാൽ ജാർഖണ്ഡിലെ പരിപാടിക്ക് പോകാൻ ഡോക്ടർ അനുവാദം നൽകി. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ സുബിക്ക് അസുഖം കൂടുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു.


25 ദിവസമാണ് അവൾ ഐസിയുവിൽ കിടന്നത്. ആശുപത്രി ബില്ലുകൾ വലിയ തുകയായിരുന്നു. അവസാനനിമിഷങ്ങളിലും അവളുടെ ടെൻഷൻ അതായിരുന്നു. 'അമ്മേ, ഞാൻ ഇങ്ങനെ കിടക്കുകയല്ലേ, ഈ ചിലവുകളൊക്കെ എങ്ങനെ കൈകാര്യം ചെയ്യും?' എന്ന്. എനിക്ക് പണമല്ല, നിന്നെയാണ് തിരിച്ചു വേണ്ടതെന്ന് ഞാൻ അവളോട് പറഞ്ഞു. പക്ഷെ എനിക്കവളെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല"
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് 2023 ഫെബ്രുവരി 22നാണ് സുബി മരണപ്പെടുന്നത്. കരൾ മാറ്റിവയ്ക്കാനുള്ള നിർദേശമുണ്ടായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :