സിനിമയിലൊന്ന് മുഖം കാണിക്കാന്‍ എന്തിനും ആ യുവാവ് തയ്യാറായിരുന്നു; മമ്മൂട്ടി സജിന്‍ ആയിരുന്നപ്പോള്‍..!

വേണ്ടത്ര സുരക്ഷിയ്യിലാതിരുന്നിട്ടും സിനിമയിൽ അഭിനയിക്കണമെന്ന മോഹം മാത്രം മുൻനിർത്തിയായിരുന്നു സജിൻ എന്ന മമ്മൂട്ടി ആ സീനിൽ അഭിനയിച്ചത്

SSphodanam, Mammootty, PG VIshwabharan, Mammootty as Sajin, Malayalam cinema
രേണുക വേണു| Last Modified ബുധന്‍, 14 ജനുവരി 2026 (12:04 IST)

സിനിമയിൽ ഒന്ന് മുഖം കാണിക്കണമെന്ന് ആ​ഗ്രഹിക്കാത്തവർ വിരളമായിരിക്കും. പലരും സ്വപ്നങ്ങൾ നേടാൻ പരിശ്രമിക്കുമ്പോൾ ചിലർക്കത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നേക്കാം. മലയാള സിനിമയിലേക്ക് എത്തിപ്പെടാൻ ആ​ഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് ഏറ്റവും വലിയ പ്രചോദനങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ജീവിതകഥ. ചെമ്പ് എന്ന ​ഗ്രാമത്തിൽ നിന്നും എൽഎൽബി പഠനം പൂർത്തിയാക്കിയെങ്കിലും സിനിമയെന്ന സ്വപ്നം മമ്മൂട്ടിയുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ഇതുതന്നെയായിരുന്നു ചെറിയ വേഷങ്ങളിലൂടെയെങ്കിലും തൻ്റെ മുഖം വെള്ളിത്തിരയിൽ കാണാനായി അന്ന് മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയെ പ്രയത്നിക്കാൻ പ്രേരിപ്പിച്ചതും. ഗീതാഞ്ജലി എന്ന ഫേസ്ബുക്ക് പേജിലാണ് മമ്മൂട്ടിയുടെ സിനിമാ യാത്രയെക്കുറിച്ചുള്ള രസകരമായ ലേഖനം വന്നിരിക്കുന്നത്.

മുഹമ്മദ് കുട്ടിയിൽ നിന്നും മമ്മൂട്ടിയിലേക്കെത്തും മുൻപേ സജിൻ എന്ന് പേര് കൂടിയുണ്ടായിരുന്നു താരത്തിന്. നായകനായ പി ജി വിശ്വംബരൻ
ചിത്രം സ്ഫോടനത്തിലാണ് മമ്മൂട്ടിയ്ക്ക് സജിൻ എന്ന പേര് ലഭിക്കുന്നത്. നിങ്ങളുടെ പേര് ഒരു സിനിമാക്കാരന് പറ്റിയ പേരല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകൻ പുതിയ പേര് നിർദേശിച്ചത്. ജയിലിൽ നിന്നും നായകനായ സുകുമാരൻ
മതിൽ ചാടി രക്ഷപ്പെടുന്ന സീനായിരുന്നു ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്. വലിയ പൊക്കമുള്ള മതിൽ ആയതു കൊണ്ടു തന്നെ, അദ്ദേഹത്തിന്റെ സുരക്ഷക്ക് വേണ്ടി താഴെ നല്ല കട്ടിയുള്ള ഫോം ബെഡും വിരിച്ചിരുന്നു. എന്നാൽ കൂടെ താഴെക്ക് ചാടേണ്ടിയിരുന്ന സജിൻ വന്നു വീഴുന്നിടത്ത് ബെഡ് കാണാത്തതിൽ ഒരല്പം ആശങ്കപ്പെട്ട നിർമ്മാതാവിനോട് ഇവർക്കൊന്നും ബെഡ് നൽകേണ്ടതില്ലെന്നായിരുന്നു സംവിധായകൻ്റെ പ്രതികരണം. വേണ്ടത്ര സുരക്ഷിയ്യിലാതിരുന്നിട്ടും സിനിമയിൽ അഭിനയിക്കണമെന്ന മോഹം മാത്രം മുൻനിർത്തിയായിരുന്നു സജിൻ എന്ന മമ്മൂട്ടി ആ സീനിൽ അഭിനയിച്ചത്. ഭയത്തേക്കാളേറെ അന്ന് സിനിമാ നടനാകണമെന്ന സ്വപ്നമായിരുന്നു ശക്തം. ആ സീനിന്റെ ചിത്രീകരണത്തിൽ താരത്തിൻ്റെ കാലിന് പരിക്കേറ്റിരുന്നു. സാറിൻ്റെ അടുത്ത പടത്തിൽ ഏതെങ്കിലും വേഷമുണ്ടെങ്കിൽ അറിയിക്കണമെന്നായിരുന്നു അപ്പോഴും മമ്മൂട്ടിയുടെ വാക്കുകൾ.

സിനിമാ ജീവിതത്തിൻ്റെ തുടക്കകാലത്ത്
ശബ്ദം പോരെന്ന് പറഞ്ഞ് ഡബ്ബിം​ഗ് സ്റ്റുഡിയോയിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് മമ്മൂട്ടി. കാലചക്രം തിരിഞ്ഞുവന്നപ്പോൾ മമ്മൂട്ടി മലയാളികളുടെ സൂപ്പർസ്റ്റാറായി, അന്ന് മതിയായ സുരക്ഷയൊരുക്കാതിരുന്ന അതേ സംവിധായകൻ്റെ നായകനായി, അദ്ദേഹത്തിന് സൂപ്പർഹിറ്റുകൾ സമ്മാനിച്ചു.

'വിൽക്കാനുണ്ട് സ്വപ്നങ്ങളിലെ മാധവൻകുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടി തന്റെ സിനിമയിലെ സാന്നിധ്യം ഉറപ്പാക്കിയത്.
ഇന്ന് അഞ്ഞൂറോളം സിനിമകളിലേക്കെത്തി നിൽക്കുന്ന മമ്മൂട്ടിയുടെ യാത്രയ്ക്ക് പിന്നിൽ കഠിനാധ്വാനവും നിശ്ചയദാർഝ്യലവും വ്യക്തമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :