മാളികപ്പുറത്തിന്റെ സംവിധാനം ഉണ്ണി മുകുന്ദന്‍ തന്നെയോ?, വിവാദത്തിന് ചൂട് പകര്‍ന്ന് താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി
സുമതി വളവ് എന്ന സിനിമ ചെയ്തത് കാരണം തനിക്ക് 7 കോടിയോളം നഷ്ടം സംഭവിച്ചെന്ന് ആരോപിച്ച് സിനിമയുടെ നിര്‍മാതാവായ മുരളി കുന്നുംപുറം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
'മാളികപ്പുറം' സിനിമയുടെ സംവിധാനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ നടന്‍ ഉണ്ണി മുകുന്ദന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഗോസ്റ്റ് എന്നെഴുതിയ കറുത്ത ടീഷര്‍ട്ട് ധരിച്ചുള്ള തന്റെ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്.
സുമതി വളവ് എന്ന സിനിമ ചെയ്തത് കാരണം തനിക്ക് 7 കോടിയോളം നഷ്ടം സംഭവിച്ചെന്ന് ആരോപിച്ച് സിനിമയുടെ നിര്‍മാതാവായ മുരളി കുന്നുംപുറം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സുമതി വളവിന്റെ സംവിധായകനായ വിഷ്ണു ശശിശങ്കര്‍ ആയിരുന്നില്ല മാളികപ്പുറം സംവിധാനം ചെയ്തതെന്നും ഉണ്ണി മുകുന്ദന്‍ ആയിരുന്നു സിനിമ സംവിധാനം ചെയ്തതെന്നും മുരളി കുന്നുംപുറം പറഞ്ഞിരുന്നു. ഈ വിവാദങ്ങള്‍ തീ പിടിച്ചുനില്‍ക്കെയാണ് ഈ വാദങ്ങളെ ശരിവെച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
നേരത്തെ ഉണ്ണി മുകുന്ദനാണ് മാളികപ്പുറം സംവിധാനം ചെയ്തതെന്ന മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലിനെതിരെ സുമതി വളവ്, മാളികപ്പുറം സിനിമകളുടെ എഴുത്തുകാരനായ അഭിലാഷ് പിള്ളയും സംവിധായകന്‍ വിഷ്ണു ശശിശങ്കറും രംഗത്ത് വന്നിരുന്നു. ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങളൊക്കെ അദ്ദേഹം സംവിധാനം ചെയ്യുകയും പരാജയപ്പെട്ട സിനിമകള്‍ക്ക് മറ്റ് സംവിധായകരും ഉണ്ടാവുന്ന ട്രെന്‍ഡ് തനിക്കറിയില്ലെന്നും 2 മുട്ടനാടുകളെ കൂട്ടി ഇടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ ആണ് ഉണ്ണി മുകുന്ദനെന്നും അഭിലാഷ് പിള്ള പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.